Football in Malayalam

പിർലോയുടെ 'പദ്ധതികൾ' ടീമിലെ പലർക്കും മനസിലായില്ല - സീസണിൽ യുവന്റസിന്റെ മോശം ഫോമിനെക്കുറിച്ച് റാബിയോട്ട്

Sreejith N
AC Milan v Juventus - Serie A
AC Milan v Juventus - Serie A / Alessandro Sabattini/Getty Images
facebooktwitterreddit

പരിശീലകനായിരുന്ന ആന്ദ്രേ പിർലോയുടെ പദ്ധതികൾ പലപ്പോഴും ടീമിലെ ചില താരങ്ങൾക്ക് മനസിലായിരുന്നില്ലെന്ന് യുവന്റസ് മധ്യനിര താരമായ അഡ്രിയാൻ റാബിയോട്ട്. ഈ സീസണിൽ യുവന്റസിന്റെ മോശം ഫോമിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റാബിയോട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം തന്റെ പദ്ധതികൾ കൃത്യമായി അവതരിപ്പിച്ചു നടപ്പിലാക്കാൻ പിർലോക്ക് കുറച്ചുകൂടി സമയം നൽകണമായിരുന്നുവെന്ന അഭിപ്രായവും താരം പ്രകടിപ്പിച്ചു.

ഒൻപതു വർഷം തുടർച്ചയായി സീരി എ നേടിയ യുവന്റസിനു പക്ഷെ ഇത്തവണ കിരീടം ഇന്റർ മിലാനു മുന്നിൽ അടിയറവു വെക്കേണ്ടി വന്നിരുന്നു. 2009-10 സീസണു ശേഷം ഇന്റർ ആദ്യമായി ഇറ്റാലിയൻ ലീഗുയർത്തിയ ഈ വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ യുവന്റസിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നുവെന്നതും പോർട്ടൊക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായതും ടീമിന്റെ മോശം പ്രകടനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

പിർലോയുടെ ശൈലിയെ അംഗീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പദ്ധതികൾ മനസിലാക്കാൻ പലർക്കും പ്രയാസമായത് യുവന്റസിന്റെ മോശം ഫോമിന് കാരണമായിട്ടുണ്ടാകുമെന്നാണ് റാബിയോട്ട് ലാ ഗസറ്റ ഡെല്ല സ്പോർട്ടിനോട് സംശയിക്കുമ്പോൾ പറഞ്ഞത്. "ഞങ്ങളിൽ ചിലർക്ക് അദ്ദേഹത്തിന്റെ പദ്ധതികൾ കൃത്യമായി മനസിലാക്കാൻ കഴിയാതിരുന്നതു കൊണ്ടായിരിക്കാമത്. 4-4-2 ഫോർമേഷൻ ഉപയോഗിച്ച് പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റു ഭാഗങ്ങളിൽ മാറ്റം വരുത്തുക, നമുക്ക് ഇഷ്ടപ്പെട്ട പൊസിഷനിൽ നിന്നും മാറേണ്ടി വരിക തുടങ്ങിയവ അതിലുൾപ്പെടുന്നു," റാബിയോട്ട് പറഞ്ഞു.

"എന്നിരുന്നാലും പിർലോയുടെ ആശയങ്ങൾ മികച്ചതാണെന്നു തെളിയിക്കാൻ കുറച്ചു കൂടി സമയം അർഹിച്ചിരുന്നുവെന്നു പറയാൻ ഞാനദ്ദേഹത്തിനു സന്ദേശമയച്ചിരുന്നു. നിർഭാഗ്യവശാൽ സമകാലീന ഫുട്ബോളിൽ, ചില ലെവലുകളിൽ, വേണ്ടത്ര സമയം ലഭിക്കാറില്ല. ഒരു വ്യക്തിയെന്ന നിലയിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയും രണ്ടു കിരീടങ്ങളും നേടിത്തന്ന പരിശീലകനെന്ന നിലയിലും അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. ചെറുപ്പക്കാരനായ പരിശീലകനെന്ന നിലയിൽ അതു വലിയ നേട്ടമാണ്," റാബിയോട്ട് വ്യക്തമാക്കി.

സീസണിലെ മോശം പ്രകടനം കണക്കാക്കി യുവന്റസ് പിർലോയെ പരിശീലക സ്ഥാനത്തു നിന്നും നീക്കിയിരുന്നു. യുവന്റസിൽ തന്നെ തുടരണമെന്ന് ഇറ്റാലിയൻ ഇതിഹാസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അത് ക്ലബ് നേതൃത്വം പരിഗണിച്ചില്ല. മുൻ മാനേജറായ മാസിമിലിയാനോ അല്ലെഗ്രിയാണ് യുവന്റസ് പരിശീലകനായി ചുമതല ഏറ്റെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം-ത്തെ ഫോളോ ചെയ്യൂ

facebooktwitterreddit