Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത, ഖത്തറിൽ കടുത്ത ക്വാറന്റൈൻ നടപടികൾ ഉണ്ടാവില്ല

Sreejith N
FBL-WC-2022-ASIA-IND-BAN
FBL-WC-2022-ASIA-IND-BAN / DIBYANGSHU SARKAR/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അടുത്തയാഴ്‌ച ഖത്തറിലെത്തുന്ന ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഇന്ത്യയടക്കം ഖത്തർ ആരോഗ്യമന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള ആറു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഖത്തറിൽ പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമും അതുമായി ബന്ധപ്പെട്ട സ്റ്റാഫുകളും ഇതിൽ നിന്നും ഒഴിവാക്കപ്പെടുമെന്നാണ് ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്,

അതേസമയം ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് യോഗ്യത മത്സരങ്ങളുമായി ബന്ധപ്പെട്ട സംഘാടക സമിതി നിർദ്ദേശിക്കുന്ന തരത്തിൽ ബയോ ബബിളിൽ തുടരേണ്ടതും മറ്റു കോവിഡ് നടപടിക്രമങ്ങൾ പിന്തുടരേണ്ടതും അത്യാവശ്യമാണ്. എന്നാൽ ഖത്തറിലെത്തിയ ഉടനെ മത്സരങ്ങൾക്കു വേണ്ടിയുള്ള പരിശീലനം ആരംഭിക്കാൻ ഇതൊന്നും ടീമിന് തടസമാകില്ല.

ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങൾ ഡൽഹിയിൽ ഒരുമിച്ച് ചേരുന്നതിനു മുൻപ് ഒരു നെഗറ്റിവ് കോവിഡ് പിസിആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. ഇതിനു ശേഷം ഖത്തറിലേക്ക് യാത്ര പുറപ്പെടുമ്പോൾ യാത്രയുടെ നാല്പത്തിയെട്ടു മണിക്കൂർ മുന്പെടുത്ത മറ്റൊരു കോവിഡ് നെഗറ്റിവ് പിസിആർ പരിശോധനാ ഫലം കൂടി ഇവർ ഒപ്പം കരുതണം.

ഖത്തർ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവർക്കെതിരെ യഥാക്രമം ജൂൺ 3, ജൂൺ 7, ജൂൺ 15 എന്നീ തീയ്യതികളിലാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. നിലവിൽ യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഈ മത്സരങ്ങളിൽ നിന്നും പരമാവധി പോയിന്റ് നേടി മൂന്നാം സ്ഥാനത്തെങ്കിലും എത്താനായിരിക്കും ശ്രമിക്കുക. അങ്ങിനെ സംഭവിച്ചാൽ അവർക്ക് 2023 ഏഷ്യൻ കപ്പിന്റെ ക്വാളിഫയിങ് തേർഡ് റൗണ്ടിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit