വിസ്മയവുമായി വീണ്ടും ഖത്തര്‍, ലോകകപ്പിനായി മാറ്റി സ്ഥാപിക്കാവുന്ന സ്റ്റേഡിയം ഒരുങ്ങി

2022 ഖത്തറില്‍ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ലോകം. ലോകകപ്പിന് വേണ്ടി വളരെ മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റു അത്ഭുതങ്ങളും നിറച്ചാണ് ഖത്തര്‍ സ്റ്റേഡിയങ്ങളുടെയെല്ലാം പണി പൂര്‍ത്തിയാക്കികിയിരിക്കുന്നത്. ടൂര്‍ണമെന്റിന് ഒരു വര്‍ഷം മുമ്പ് തന്നെ സ്റ്റേ ഡിയങ്ങളുടെ എല്ലാം പണി പൂര്‍ത്തിയാക്കിയ ഖത്തര്‍ അവിടെ ഫിഫ അറബ് കപ്പ് എന്ന പേരില്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത് ഖത്തര്‍ ലോകകപ്പിനായി നിര്‍മിച്ച എട്ടാമത്തെ സ്റ്റേഡിയമാണ്.
974 എന്ന പേരിട്ടിരിക്കുന്ന സ്റ്റേഡിയം പൂര്‍ണമായും ട്രാന്‍സ്‌പോര്‍ട്ടബിള്‍ ആയിട്ടാണ് പണിതിരിക്കുന്നത്. ലോകത്തിന്റെ എവിടെയും എത്തിച്ച് വീണ്ടും സ്ഥാപിക്കാവുന്ന രീതിയിലാണ് 974 സ്റ്റേഡിയം രൂപ കല്‍പന ചെയ്തിരിക്കുന്നത്. ഖത്തറിന്റെ ഇന്റര്‍നാഷനല്‍ ഫോണ്‍ കോഡായ 974 എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റേഡിയത്തിന് വേണ്ടി 974 ഷിപ്പിങ് കണ്ടെയ്‌നറുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മറ്റൊരു വ്യത്യസ്തതയാണ്.
സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെന്‍വിക്ക് ഇറിബെറാന്‍ ആര്‍ക്കിടെക് കമ്പനിയാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. ആര്‍ക്കിടെക്ട് സംഘത്തിലെ അംഗമായ മാര്‍ക്ക് ഫെന്‍വിക് സ്റ്റേഡിയത്തിന്റെ രൂപ കല്‍പനയെ കുറിച്ച് പറയുന്നതിങ്ങനെയാണ്, "ലോകകപ്പ് കഴിഞ്ഞാല്‍ ഖത്തറില്‍ എട്ടാമതൊരു സ്റ്റേഡിയം വേണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി, അതുകൊണ്ടാണ് ഞങ്ങള്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കാവുന്ന രീതിയില്‍ സ്റ്റേഡിയം പണിതത്". ഇത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ സ്‌റ്റേഡിയമായിരിക്കുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.