"ഏഴു തവണ ബാലൺ ഡി ഓർ നേടിയ താരമല്ല ഇത്"- മെസിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്


ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ പരാജയപ്പെടുന്ന ലയണൽ മെസിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റും ജേർണലിസ്റ്റുമായ നബീൽ ജെല്ലിറ്റ്. പിഎസ്‌ജിയിൽ പതറുന്ന ലയണൽ മെസി ഏഴു തവണ ബാലൺ ഡി ഓർ നേടിയ ഒരു താരത്തെപ്പോലെ തോന്നിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പതിനാലാം വയസു മുതൽ ബാഴ്‌സയിൽ കളിച്ചു കൊണ്ടിരുന്ന ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം ഫ്രാൻസിലെ സാഹചര്യങ്ങളുമായി ചേർന്നു പോകാൻ വളരെ ബുദ്ധിമുട്ടുകയാണ്. ഇതു വരെ ഫ്രഞ്ച് ലീഗിൽ ഒരു ഗോൾ മാത്രം നേടിയ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് നിരവധി പേർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
"ലയണൽ മെസി ലീഗ് വണിലേക്ക് വരുമെന്നു എന്നോട് പറഞ്ഞിരുന്നെങ്കിലും ഈ സീസണിന്റെ ആദ്യ ഭാഗത്തു ഞാൻ കണ്ടത് ലയണൽ മെസി ഒരൊറ്റ ഗോൾ മാത്രമേ നേടിയുള്ളൂ എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സയൻസ് ഫിക്ഷനാണ്. പക്ഷെ ദൗർഭാഗ്യവശാൽ അതാണ് യാഥാർഥ്യം." ലാ ചെയ്‌നെ എൽ എക്വിപ്പെയോട് നബീൽ പറഞ്ഞു.
"മെസി വിജയിക്കുന്നില്ല. നമ്മൾക്ക് അറിയാവുന്ന താരമല്ല അദ്ദേഹം, ഏഴു തവണ ബാലൺ ഡി ഓർ നേടിയ ഒരു കളിക്കാരനെപ്പോലെ മെസിയെ തോന്നിക്കുന്നില്ല. അദ്ദേഹത്തെ മനസിലാക്കാൻ കഴിയുന്നില്ല. പിഎസ്‌ജിയുടെ ഭാഗത്തും തെറ്റുണ്ട്, താരം ചെയ്യുന്നതും ഉണ്ട്. അത് നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്നും വളരെ അകലെയാണ്. നമ്മൾ സംസാരിക്കുന്നത് മെസിയെക്കുറിച്ചാണ്." അദ്ദേഹം പറഞ്ഞു.
പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിഞ്ഞില്ലെന്നത് യാഥാർഥ്യം തന്നെയാണെങ്കിലും നെയ്മർക്ക് പരിക്കേറ്റതിനു ശേഷം എംബാപ്പയുമായി ചേർന്ന് ഒത്തിണക്കത്തോടെയുള്ള പ്രകടനം നടത്താൻ അർജന്റീനിയൻ താരം ആരംഭിച്ചിട്ടുണ്ട്. സീസണിന്റെ രണ്ടാം പകുതിയിൽ മെസിയിൽ നിന്നും കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.