ആഗ്രഹിക്കുന്ന പൊസിഷനിലല്ല കളിപ്പിക്കുന്നത്, പരാതിയുമായി ചെൽസി താരം പുലിസിച്ച്


പരിശീലകൻ തോമസ് ടുഷെലിനോട് ചെൽസിയിലെ പല താരങ്ങൾക്കും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ താൻ ആഗ്രഹിക്കുന്ന പൊസിഷനിലല്ല തന്നെ കളിപ്പിക്കുന്നതെന്ന പരാതിയുമായി അമേരിക്കൻ വിങ്ങറായ ക്രിസ്റ്റ്യൻ പുലിസിച്ച്. പൊസിഷൻ മാറ്റി തന്നെ കളിപ്പിക്കുന്നതു കൊണ്ട് ചെൽസിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്നും താരം പറഞ്ഞു.
ഈ സീസണിൽ നിരവധി പൊസിഷനുകളിൽ ടുഷെൽ മാറിമാറി പരീക്ഷിച്ച പുലിസിച്ച് ഏതാനും മത്സരങ്ങളിൽ മാത്രമേ തന്റെ യഥാർത്ഥ പൊസിഷനിൽ കളിച്ചിട്ടുള്ളൂ. "ഇതു വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന പൊസിഷനുകളിൽ ഞാനെല്ലാ സമയത്തും കളിക്കുന്നില്ല." പുലിസിച്ച് പറഞ്ഞത് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്തു.
? "It's been up and down, this year."
— Sky Sports Premier League (@SkySportsPL) January 27, 2022
Chelsea forward Christian Pulisic expresses his frustration with being played out of position this year ? pic.twitter.com/t2IevHuMIk
"നിരവധി പൊസിഷനിൽ കളിക്കാൻ കഴിയുന്നതും മൈതാനത്ത് ഒരുപാട് കാര്യങ്ങളിൽ കരുത്തു കാണിക്കാൻ കഴിയുന്നതും നല്ലൊരു ഗുണം തന്നെയാണ്. അതെ ഞാനൊരുപാട് മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. അടുത്ത ഏതാനും മത്സരങ്ങളിൽ എനിക്കു ചേരുന്ന പൊസിഷനിൽ തന്നെ കളിക്കാൻ ഞാൻ തയ്യാറാണ്."
ആക്രമണനിരയിൽ ടിമോ വെർണർക്ക് പിന്നിൽ കളിച്ച് ഈ സീസൺ ആരംഭിച്ച പുലിസിച്ചിനു പക്ഷെ പരിക്കു മൂലം കുറച്ചു കാലം പുറത്തിരിക്കേണ്ടി വന്നു. സീസണിൽ 19 മത്സരങ്ങൾ കളിച്ച് മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം തോമസ് ടുഷെലിനു കീഴിൽ വിങ്ങർ, സ്ട്രൈക്കർ, വിങ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിച്ചിട്ടുണ്ട്.
ഈ സീസണിൽ തനിക്ക് ഉയർച്ചകളും താഴ്ചകളുമുണ്ടെന്ന് നിലവിൽ അമേരിക്കൻ ടീമിനൊപ്പമുള്ള താരം പറഞ്ഞു. നിലവിലെ സാഹചര്യം വളരെ ബുദ്ധിമുട്ടു നിറഞ്ഞതു തന്നെയാണെങ്കിലും മുന്നോട്ടു പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്നും പുലിസിച്ച് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.