Transfers

പിഎസ്‌ജിക്ക് തിരിച്ചടി, കരാർ പുതുക്കാനുള്ള ഓഫർ നിരസിച്ച് സാവി സിമ്മൺസ് ക്ലബ് വിട്ടു

Sreejith N
PSG Wonderkid Xavi Simons Joins PSV
PSG Wonderkid Xavi Simons Joins PSV / David Ramos/GettyImages
facebooktwitterreddit

കരാർ പുതുക്കാനുള്ള ഓഫർ നിരസിച്ച് പിഎസ്‌ജി യുവതാരമായ സാവി സിമ്മൺസ് ക്ലബ് വിടുന്നു. ബാഴ്‌സലോണയിൽ നിന്നും 2019ൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ സിമ്മൺസ് കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബിനു വേണ്ടി അരങ്ങേറ്റം കുറിച്ചെങ്കിലും പിഎസ്‌ജി മുന്നോട്ടു വെച്ച കരാർ വേണ്ടെന്നു വെച്ച് ഡച്ച് ക്ലബായ പിഎസ്‌വിയിലേക്കാണ് താരം ചേക്കേറുന്നത്.

പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിട്ടതിനു ശേഷം സിമ്മൺസ് പിഎസ്‌വിയിലേക്ക് ലോണിൽ ചേക്കേറുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും അഞ്ചു വർഷത്തെ കരാറിൽ താരത്തെ സ്വന്തമാക്കിയ വിവരം ഡച്ച് ക്ലബ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ജൂണിൽ കരാർ അവസാനിക്കുന്ന താരം അതിനു ശേഷം ഔദ്യോഗികമായി ഡച്ച് ക്ലബ്ബിലേക്ക് ചേക്കേറും.

ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ കളിക്കുന്ന സമയത്തു തന്നെ തന്റെ ഡ്രിബ്ലിങ് മികവു കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് സാവി സിമ്മൺസ്. പിഎസ്‌ജിക്കു വേണ്ടി കഴിഞ്ഞ സീസണിൽ ഒൻപതു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ പത്തൊമ്പതു വയസുള്ള താരം യുവേഫ യൂത്ത് ലീഗിലും മികച്ച പ്രകടനമാണ് നടത്തിയത്.

യുവേഫ യൂത്ത് ലീഗിൽ ഏഴു മത്സരങ്ങളിൽ കളിച്ച താരം നാല് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിരുന്നു. സൂപ്പർതാരങ്ങൾ നിറഞ്ഞ പിഎസ്‌ജി ടീമിൽ ഈ സീസണിലും അവസരങ്ങൾ കുറയുമെന്നതു കൊണ്ടാണ് താരം ക്ലബ് വിട്ടതെന്നാണ് അനുമാനിക്കേണ്ടത്. പിഎസ്‌വിയിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞാൽ ഖത്തർ ലോകകപ്പിനുള്ള ഹോളണ്ട് ടീമിൽ ഇടം നേടാമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit