PSG

ജാപ്പനീസ് ടീമിനെ തോൽപ്പിച്ച് രണ്ടാം പ്രീ സീസൺ മത്സരത്തിലും വിജയം സ്വന്തമാക്കി പിഎസ്‌ജി

Sreejith N
PSG Won Against Kawasaki Frontale In Pre Season Friendly
PSG Won Against Kawasaki Frontale In Pre Season Friendly / Masashi Hara/GettyImages
facebooktwitterreddit

ജാപ്പനീസ് ടീമായ കവാസാക്കി ഫ്രോന്റെലിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ വിജയം സ്വന്തമാക്കി പിഎസ്‌ജി. ജപ്പാനിൽ വെച്ചു തന്നെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. ഇതിനു മുൻപു നടന്ന പ്രീ സീസൺ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ചിരുന്നു.

പിഎസ്‌ജിക്കായി ടീമിലെ സൂപ്പർതാരം ലയണൽ മെസിയും യുവതാരം അമോദ് കലിമുണ്ടൊയുമാണ് ഗോളുകൾ നേടിയത്. കവാസാക്കി ഫ്രോന്റലിന്റെ ഗോൾ കളി തീരാൻ മിനുറ്റുകൾ ശേഷിക്കെ കസൂയ യാമമുറയാണ് നേടിയത്. ജൂലൈ 23നു ഉറാവ റെഡ്‌സിനെതിരെയാണ് പിഎസ്‌ജിയുടെ അടുത്ത മത്സരം.

ദുർബലരായ ടീമാണെങ്കിലും ഏറ്റവും മികച്ച ഇലവനെ തന്നെയാണ് പിഎസ്‌ജി മത്സരത്തിൽ കളത്തിലിറക്കിയത്. പിഎസ്‌ജിക്ക് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും ജാപ്പനീസ് ടീമിന് അവരെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞിരുന്നു. എംബാപ്പ ഒരു മനോഹര നീക്കത്തിനൊടുവിൽ ഹക്കിമിക്ക് പന്തു കൈമാറിയതിനു ശേഷം താരം നൽകിയ പാസിലാണ് മെസി പിഎസ്‌ജിയെ മുന്നിലെത്തിക്കുന്നത്.

ഗോൾ വഴങ്ങിയതോടെ കവാസാക്കി ഒന്നുകൂടി ആക്രമണം കനപ്പിച്ചെങ്കിലും ആദ്യപകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ കവാസാക്കിക്ക് മികച്ചൊരു അവസരം ലഭിച്ചത് പാഴായപ്പോൾ അതിനു പിന്നാലെ തന്നെ പിഎസ്‌ജിയുടെ രണ്ടാം ഗോൾ പിറന്നു. ബെർണറ്റ് നൽകിയ പാസിൽ നിന്നാണ് കലീമുണ്ടോ രണ്ടാം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ പിഎസ്‌ജി നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും മത്സരത്തിൽ ആധിപത്യം തുടർന്നു. ലീഡ് വർധിപ്പിക്കാൻ അവർക്ക് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് യാമമുറ ഹെഡറിലൂടെ ജാപ്പനീസ് ടീമിന്റെ ആശ്വാസഗോൾ നേടുന്നത്.

പിഎസ്‌ജിയുടെ ആദ്യ ഇലവനെ 3-4-3 എന്ന ഫോർമേഷനിൽ ഇറക്കിയ പുതിയ പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ അടുത്ത സീസണിൽ ടീമിന്റെ ശൈലി എങ്ങിനെയാകുമെന്നതിന്റെ വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്. എന്നാൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഇതിനേക്കാൾ മികച്ച പ്രകടനം പിഎസ്‌ജി നടത്തണമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit