PSG

മെസിയുടെ മിന്നൽ ഗോളിൽ പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം, മെസി നേടുന്നത് പതിനൊന്നാം ലീഗ് കിരീടം

Sreejith N
PSG Won 10th League One, Messi's 11th League Title
PSG Won 10th League One, Messi's 11th League Title / Catherine Steenkeste/GettyImages
facebooktwitterreddit

പിഎസ്‌ജിയിൽ വന്നതിനു ശേഷം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിന്റെ പേരിൽ ലയണൽ മെസി ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പിഎസ്‌ജിക്ക് ഈ സീസണിലെ ലീഗ് കിരീടമുറപ്പിച്ചത് മെസിയുടെ ഇടംകാലു കൊണ്ടു തന്നെ. ഇന്നലെ പിഎസ്‌ജിയും ലെൻസും തമ്മിൽ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞപ്പോൾ പിഎസ്‌ജിയുടെ ഗോൾ ലയണൽ മെസിയാണ് നേടിയത്.

ലീഗ് കിരീടമുറപ്പിക്കാൻ ഒരു സമനില മാത്രം മതിയായിരുന്നു പിഎസ്‌ജി മത്സരത്തിന്റെ അറുപത്തിയെട്ടാം മിനുട്ടിൽ ലയണൽ മെസിയിലൂടെ മുന്നിലെത്തി. നെയ്‌മറുടെ പാസ് ബോക്‌സിനു പുറത്തു നിന്നും സ്വീകരിച്ച താരം ഒരു ബുള്ളറ്റ് ഷോട്ടിലൂടെ അത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ പിഎസ്‌ജി വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും എൺപത്തിയെട്ടാം മിനുട്ടിൽ കോറന്റീൻ ജീൻ നേടിയ ഗോളിൽ ലെൻസ് സമനില നേടി.

ഫ്രഞ്ച് ലീഗ് കിരീടം നേടിയതോടെ കരിയറിൽ പതിനൊന്നാമത്തെ ലീഗ് കിരീടമാണ് മെസി സ്വന്തമാക്കുന്നത്. പതിനേഴു വർഷങ്ങൾക്കു മുൻപ് തന്റെ ആദ്യത്തെ ലീഗ് കിരീടം നേടിയ താരം പത്തു തവണ ലാ ലിഗ വിജയിച്ചിട്ടുണ്ട്. ഇന്നലെ പത്താമത്തെ ലീഗ് കിരീടമാണ് പിഎസ്‌ജിയും സ്വന്തമാക്കിയത്. ഇതോടെ ഏറ്റവുമധികം ലീഗ് കിരീടം നേടിയ ടീമെന്ന സെയിന്റ് ഏറ്റിയെന്നെയുടെ റെക്കോർഡിനൊപ്പമെത്താൻ അവർക്കായി.

2004-05 സീസണിൽ തന്റെ ആദ്യത്തെ ലീഗ് കിരീടം നേടിയ ലയണൽ മെസി അടുത്ത സീസണിലും അതാവർത്തിച്ചു. അതിനു ശേഷം 2008 മുതൽ 2011 വരെ തുടർച്ചയായി മൂന്നു ലീഗുകൾ പെപ് ഗ്വാർഡിയോളക്കു കീഴിൽ നേടാൻ മെസിക്ക് കഴിഞ്ഞിരുന്നു. പിന്നീട് 2012-13 സീസണിൽ ടിറ്റോ വിലോനാവ, 2014-15, 2015-16 സീസണുകളിൽ ലൂയിസ് എൻറിക്വ, 2017-18, 2018-19 സീസണുകളിൽ ഏർനെസ്റ്റോ വാൽവെർദെ എന്നിവരുടെ കീഴിലും മെസി ലീഗുയർത്തി.

പതിനൊന്നു ലീഗ് കിരീടത്തിനു പുറമെ ഏഴു കോപ്പ ഡെൽ റേ, ഏഴു സ്‌പാനിഷ്‌ സൂപ്പർകപ്പ്, നാല് ചാമ്പ്യൻസ് ലീഗ്, മൂന്നു യുവേഫ സൂപ്പർകപ്പ്, ,മൂന്നു ക്ലബ് ലോകകപ്പ് എന്നിവയും മെസി സ്വന്തമാക്കി,.ഇതിനു പുറമെ അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടവും ഒളിമ്പിക്‌സ് സ്വർണവും U20 കിരീടവും നേടിയിട്ടുള്ള ലയണൽ മെസി കരിയറിലെ മുപ്പത്തിയൊമ്പതാമത്തെ കിരീടം കൂടിയാണ് ഇന്നലെ നേടിയത്.

ബാഴ്‌സലോണ വിട്ടതിനു ശേഷം മെസി ആദ്യമായി ക്ലബ് തലത്തിൽ നേടുന്ന കിരീടമെന്ന പ്രത്യേകത കൂടി ഇന്നലത്തെ നേട്ടത്തിനുണ്ട്. അതേസമയം കിരീടമുയർത്തിയെങ്കിലും ഈ സീസണിൽ പിഎസ്‌ജിയുടെ പ്രകടനത്തിൽ സ്ഥിരതയുണ്ടായിരുന്നില്ല. അടുത്ത സീസണിൽ മെസിയും പിഎസ്‌ജിയും കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit