പിഎസ്ജിയെ അട്ടിമറിച്ച് റെന്നെസ്, ഫ്രഞ്ച് ലീഗിലെ വിജയക്കുതിപ്പിന് അവസാനം


മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസവുമായി ഫ്രഞ്ച് ലീഗ് പോരാട്ടത്തിനായി ഇറങ്ങിയ പിഎസ്ജിയെ അട്ടിമറിച്ച് റെന്നെസ്. റെന്നെസിന്റെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയതോടെ ഈ സീസണിൽ ലീഗിൽ പിഎസ്ജിയുടെ വിജയക്കുതിപ്പിനു കൂടിയാണ് അവസാനമായത്.
പിഎസ്ജിയുടെ നിരവധി ആക്രമണങ്ങൾ ആദ്യ പകുതിയിൽ കണ്ടെങ്കിലും ലയണൽ മെസി, കെയ്ലിയൻ എംബാപ്പെ, നെയ്മർ തുടങ്ങിയ മുന്നേറ്റനിര താരങ്ങൾക്ക് അതിലൊരെണ്ണം പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഒന്നിനു പുറകെ ഒന്നായി പിഎസ്ജി ലഭിച്ച അവസരങ്ങൾ പാഴാക്കിയപ്പോൾ മെസിയുടെ ഒരു ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് പുറത്തു പോവുകയും ചെയ്തു.
Rennes 2-0 PSG.
— ESPN FC (@ESPNFC) October 3, 2021
PSG didn't have a single shot on target.
Messi, Neymar and Mbappe all started. pic.twitter.com/QIWkVUa0nr
അതേസമയം പ്രതിരോധത്തിൽ പിഎസ്ജിക്കുള്ള പോരായ്മ മുതലെടുത്ത് വേഗമേറിയ ആക്രമണങ്ങൾ സംഘടിപ്പിക്കുകയെന്ന ശൈലിയിൽ മുന്നോട്ടു പോയ റെന്നെസും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നിലായിരുന്നില്ല. ഒത്തിണക്കത്തോടെ സ്വന്തം മൈതാനത്തു കളിച്ച ടീം അതിന്റെ ഫലമായി ആദ്യ പകുതി അവസാനിക്കാനിരിക്കെ ലബോർഡയിലൂടെയാണ് മുന്നിലെത്തിയത്.
പിഎസ്ജിയെ ഞെട്ടിച്ചാണ് രണ്ടാം പകുതിയും ആരംഭിച്ചത്. നാൽപത്തിയാറാം മിനുട്ടിൽ തന്നെ റെന്നെസ് ഫ്ളാവിയൻ ടൈറ്റിലൂടെ തങ്ങളുടെ രണ്ടാമത്തെ ഗോൾ നേടി. അതിനു ശേഷം ആക്രമണം കനപ്പിച്ച പിഎസ്ജി അറുപത്തിയഞ്ചാം മിനുട്ടിൽ എംബാപ്പയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും വീഡിയോ റഫറി അത് ഓഫ്സൈഡ് വിധിക്കുകയും ചെയ്തു.
അതിനു ശേഷം പിഎസ്ജി തുടർച്ചയായും ഇടവേളകളിൽ റെന്നെസും മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു എങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. അവസാന മിനിറ്റുകളിൽ റൈറ്റ് ബാക്കായ ഹക്കിമിക്കെതിരെ ഒരു പെനാൽറ്റി റഫറി വിധിച്ചെങ്കിലും വീഡിയോ പരിശോധനയിൽ അതൊഴിവാക്കപ്പെട്ടത് പിഎസ്ജിയെ കൂടുതൽ നാണക്കേടിൽ നിന്നും രക്ഷിച്ചു.
തോൽവി വഴങ്ങിയെങ്കിലും ലീഗിൽ പിഎസ്ജി ഒന്നാം സ്ഥാനത്തു തുടരുകയാണ്. നിലവിൽ ഇരുപത്തിനാലു പോയിന്റുള്ള അവർക്കു പിന്നിൽ പതിനെട്ടു പോയിന്റുമായി ലെൻസും പതിനാറു പോയിട്ടുമായി നീസും നിൽക്കുന്നു. എന്നാൽ വിഖ്യാതമായ പിഎസ്ജി മുന്നേറ്റനിര മത്സരത്തിലുടനീളം ഒരു ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ പരാജയപ്പെട്ടത് പോച്ചട്ടിനോക്ക് ആശങ്കയാണ്.