Football in Malayalam

എംബാപ്പെ പിഎസ്‌ജി വിട്ടാലും കരാർ പുതുക്കിയാലും നേട്ടമുണ്ടാക്കുക ഫ്രഞ്ച് താരത്തിന്റെ മുൻ ക്ലബ്

Sreejith N
FC Barcelona v Paris Saint-Germain  - UEFA Champions League Round Of 16 Leg One
FC Barcelona v Paris Saint-Germain - UEFA Champions League Round Of 16 Leg One / David Ramos/Getty Images
facebooktwitterreddit

ലോക ഫുട്ബോളിലെ തന്നെ രണ്ടാമത്തെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്ഫറിലാണ് കെയ്‌ലിയൻ എംബാപ്പെ മൊണാക്കോയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ഏറ്റവും മൂല്യമുള്ള ഫുട്ബോൾ താരമായി മാറാൻ ഫ്രഞ്ച് താരത്തിന് കഴിഞ്ഞു. വെറും ഇരുപത്തിരണ്ടു വയസു മാത്രം പ്രായമുള്ള താരത്തിന് മികച്ച പ്രകടനം നടത്താൻ ഇനിയും നിരവധി വർഷങ്ങൾ ബാക്കിയുള്ളതു കൊണ്ടു തന്നെ യൂറോപ്പിലെ മുൻനിര ക്ലബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ പിന്നാലെയുണ്ട്.

പിഎസ്‌ജിയുമായി ഇനി ഒന്നര വർഷത്തെ കരാർ മാത്രം ബാക്കിയുള്ള താരം അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. എംബാപ്പയുടെ കോൺട്രാക്‌ട് പുതുക്കാൻ പിഎസ്‌ജി വളരെയധികം ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും താരം അനുകൂല തീരുമാനമെടുത്തിട്ടില്ലെന്നത് ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുന്നു.

അതേസമയം എംബാപ്പെ പിഎസ്‍ജിക്കൊപ്പം തുടർന്നാലും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയാലും നേട്ടമുണ്ടാക്കുക മുൻ ക്ലബായ മൊണാക്കോയാണ്. ഫ്രഞ്ച് താരത്തിന്റെ ട്രാൻസ്‌ഫർ തുകയായ 180 മില്യൺ യൂറോയിൽ 145 മില്യൺ യൂറോ മാത്രമാണ് പിഎസ്‌ജി നൽകിയിരിക്കുന്നതെന്നും ബാക്കിയുള്ള 35 മില്യൺ യൂറോ താരത്തിന്റെ ട്രാൻസ്‌ഫർ നടന്നാലോ കരാർ പുതുക്കിയാലോ മൊണാക്കോക്ക് ലഭിക്കുമെന്നും ഫ്രഞ്ച് മാധ്യമമായ എൽ'എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു.

അതേ സമയം, താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുകയാണെങ്കിൽ മാത്രം ഈ തുക നൽകുന്നതിൽ നിന്നും പിഎസ്‌ജി ഒഴിവാക്കപ്പെടും. എന്നാൽ നിലവിലെ സാഹചര്യത്തിൽ എംബാപ്പെ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനുള്ള സാധ്യതകൾ വളരെ കുറവാണ്. കരാർ പുതുക്കാനുള്ള വാഗ്‌ദാനം എംബാപ്പെ നിരസിച്ചാൽ 200 മില്യൺ യൂറോ അടിസ്ഥാന വില നൽകുന്ന ക്ലബുകൾക്ക് താരത്തെ നൽകാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്.


facebooktwitterreddit