നെയ്‌മറെ നൽകി മാഞ്ചസ്റ്റർ സിറ്റി താരത്തെ വാങ്ങാൻ പിഎസ്‌ജിക്ക് താൽപര്യം

Paris Saint-Germain Ready To Swap Neymar For Bernardo Silva
Paris Saint-Germain Ready To Swap Neymar For Bernardo Silva / Koji Watanabe/GettyImages
facebooktwitterreddit

ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മറെ ഉൾപ്പെടുത്തിയുള്ള കൈമാറ്റക്കരാറിൽ പിഎസ്‌ജിക്ക് താൽപര്യം. ഫ്രഞ്ച് മാധ്യമം ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം നെയ്‌മറെ മാഞ്ചസ്റ്റർ സിറ്റിക്കു നൽകി പകരം പോർച്ചുഗീസ് താരമായ ബെർണാഡോ സിൽവയെ സ്വന്തമാക്കാനാണ് ഫ്രഞ്ച് ക്ലബ് ആഗ്രഹിക്കുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മറെ ഒഴിവാക്കാൻ പിഎസ്‌ജിക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നെങ്കിലും വമ്പൻ തുക മുടക്കേണ്ടി വരുന്ന ആ ട്രാൻസ്‌ഫറിൽ യൂറോപ്പിലെ പ്രധാന ക്ലബുകളൊന്നും താൽപര്യം കാണിച്ചില്ല. ലോകകപ്പ് അടുത്തിരിക്കെ പിഎസ്‌ജി വിടാനില്ലെന്ന നിലപാടാണ് നെയ്‌മറും സ്വീകരിച്ചത്.

പിഎസ്‌ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ നെയ്‌മറെ നിലനിർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് ബെർണാഡോ സിൽവയിൽ വളരെയധികം താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പോർച്ചുഗൽ താരത്തെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് ഈ കൈമാറ്റക്കരാർ മുന്നോട്ടു വെക്കാൻ പിഎസ്‌ജിയെ പ്രേരിപ്പിച്ചത്.

നെയ്‌മറെ നിലനിർത്താനാണ് ഗാൾട്ടിയർക്ക് താൽപര്യമെങ്കിലും ബ്രസീലിയൻ താരത്തെ ഒഴിവാക്കി മറ്റു പദ്ധതികൾ പിഎസ്‌ജി നേതൃത്വം ആവിഷ്‌കരിക്കുന്നുണ്ട്. രണ്ടു മികച്ച പ്രതിഭയുള്ള താരങ്ങളാണ് ക്ലബ് പരസ്‌പരം മാറുക എന്നതിനാൽ തന്നെ ഈ കൈമാറ്റക്കരാർ നടന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ പ്രധാനപ്പെട്ട സംഭവമായി മാറും.

അതേസമയം മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് ബെർണാഡോ സിൽവയെ വിട്ടുകൊടുക്കാൻ യാതൊരു താൽപര്യവുമില്ല. അടുത്ത സീസണിലെ തന്റെ പദ്ധതികളിൽ പോർച്ചുഗീസ് താരത്തിന് വലിയ ചുമതല വഹിക്കാനുണ്ടെന്ന് അദ്ദേഹം കരുതുന്നു. ബാഴ്‌സലോണയും ബെർണാഡോ സിൽവക്കായി ശ്രമം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.