നെയ്മർക്കു വേണ്ടിയുള്ള ഓഫറുകളും പരിഗണിക്കും, പിഎസ്ജി പതിനൊന്നു താരങ്ങളെ ഒഴിവാക്കാനൊരുങ്ങുന്നു


നിരവധി സൂപ്പർതാരങ്ങളുണ്ടായിട്ടും കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതിരുന്നത് പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ പിഎസ്ജിയെ പ്രേരിപ്പിച്ചിട്ടുണ്ട്. സ്പോർട്ടിങ് ഡയറക്റ്റർ സ്ഥാനത്തു നിന്നും ലിയനാർഡോയെ നീക്കിയതും പോച്ചട്ടിനോയെ മാനേജർ സ്ഥാനത്തു നിന്നും പുറത്താക്കിയതുമെല്ലാം അതിന്റെ ഭാഗമായി തന്നെയാണ്.
പിഎസ്ജിയുടെ പുതിയ സ്പോർട്ടിങ് ഡയക്റ്ററായ ലൂയിസ് കാംപോസിനു കീഴിൽ വലിയൊരു വിപ്ലവം തന്നെ ക്ലബിനുള്ളിൽ നടന്നു കൊണ്ടിരിക്കുകയാണ്. മുൻ ലില്ലെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ ടീമിന്റെ പുതിയ മാനേജറായി ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ അടുത്ത സീസണിൽ പുതിയൊരു ടീമിനെ വാർത്തെടുക്കുന്നതിനു വേണ്ടി പതിനൊന്നു താരങ്ങളെ ഒഴിവാക്കാനാണ് പിഎസ്ജി ഒരുങ്ങുന്നത്.
PSG want to get rid of up to 11 players as part of summer deep clean https://t.co/KWzY7auTJn
— SPORT English (@Sport_EN) July 9, 2022
മൗറോ ഇകാർഡി, ഡാനിലോ പെരേര, അബ്ദു ദിയല്ലോ, ജൂലിയൻ ഡ്രാക്സ്ലർ, തിലോ കെഹ്ലർ, ആൻഡർ ഹെരേര, ലിയാൻഡ്രോ പരഡെസ്, ഇഡ്രിസ ഗുയെയ, ദിന എഡിംബെ എന്നിവരാണ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി പ്രധാനമായും ഒഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങൾ. ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ഭാവി പദ്ധതികളിൽ ഇവർക്ക് സ്ഥാനമില്ലെന്ന് കരുതുന്ന ലൂയിസ് കാമ്പോസ് ചില താരങ്ങളെ അക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പിഎസ്ജി സ്ക്വാഡ് വലുതായതു കൊണ്ടും താരങ്ങൾ കനത്ത പ്രതിഫലം വാങ്ങുന്നതു കൊണ്ടും അതിൽ മാറ്റങ്ങൾ വരുത്തേണ്ടത് അവർക്ക് അത്യാവശ്യമാണ്. നേരത്തെ പറഞ്ഞ താരങ്ങൾക്കു പുറമെ റഫിന്യ, സറാബിയ എന്നിവരെയും പിഎസ്ജി ടീമിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ബ്രസീലിയൻ താരം നെയ്മർക്കു വേണ്ടി ഓഫറുണ്ടെങ്കിൽ അത് കേൾക്കാൻ അവർ തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഗാൾട്ടിയർ നെയ്മറെ നിലനിർത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്ത താരങ്ങൾ, പുതിയ പരിശീലകന്റെ പദ്ധതികൾക്ക് ചേരാത്തവർ, ടീമുമായി ഇതുവരെയും ഇണങ്ങിപ്പോകാൻ കഴിയാത്തവർ എന്നിങ്ങനെയുള്ളവരെയാണ് പ്രധാനമായും പുറത്താക്കുന്നത്. ഇതിനു പുറമെ പുതിയ താരങ്ങളെ സ്വന്തമാക്കാനും അവർക്ക് പദ്ധതിയുണ്ട്. വിറ്റിന്യോയെ ടീമിലെത്തിക്കുകയും നുനോ മെൻഡസിന്റെ ലോൺ കരാർ സ്ഥിരപ്പെടുത്തുകയും ചെയ്ത ടീമിപ്പോൾ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാൻ പോവുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.