ലയണൽ മെസിക്കു പകരക്കാരനായി മൊഹമ്മദ് സലായെ സ്വന്തമാക്കാൻ പിഎസ്‌ജി
By Sreejith N

അർജന്റീനിയൻ സൂപ്പർതാരമായ ലയണൽ മെസി ക്ലബ് വിട്ടാൽ പകരക്കാരനായി ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായെ ടീമിലെത്തിക്കാൻ പിഎസ്‌ജി തയ്യാറെടുക്കുന്നു. ഈ സമ്മറിൽ ലയണൽ മെസി ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യത കണക്കിലെടുത്താണ് പിഎസ്‌ജി സലാക്കു വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നത്.
ബാഴ്‌സലോണക്കു വേണ്ടി ഇപ്പോൾ കളിക്കുന്നതും മുൻപ് കളിച്ചിരുന്നതുമായ നിരവധി താരങ്ങളെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ ഇന്റർ മിയാമിക്കു പദ്ധതിയുണ്ട്. ലയണൽ മെസി, ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവർ അതിലുൾപ്പെടുന്നു. ഈ സമ്മറിൽ മെസിക്കു വേണ്ടി ആദ്യത്തെ ബിഡ് ഇന്റർ മിയാമി നൽകുമെന്നും എഎസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകകപ്പ് അടുത്തിരിക്കെ മെസി ക്ലബ് മാറാനുള്ള സാധ്യത വളരെ കുറവാണെങ്കിലും അതു സംഭവിച്ചാൽ പകരക്കാരനായി സലായെ എത്തിക്കാനാണ് പിഎസ്‌ജിക്കു താൽപര്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലിവർപൂളുമായുള്ള കരാർ ചർച്ചകൾ ഇപ്പോഴും വിജയം കാണാത്തതിനാൽ ഈ സമ്മറിൽ സലാ ഇംഗ്ലണ്ട് വിടാനുള്ള സാധ്യതകൾ തേടുകയുമാണ്.
അതേസമയം സലായെ സ്വന്തമാക്കുക പിഎസ്‌ജിയെ സംബന്ധിച്ച് അത്ര എളുപ്പമല്ല. സാവിയുടെ കീഴിൽ കുതിക്കുന്ന ബാഴ്‌സലോണ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതിനു പുറമെ സലാക്കും സ്പെയിനിലെത്താൻ താൽപര്യമുണ്ട്. എന്നാൽ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലം ലിവർപൂളുമായി ഇടഞ്ഞു നിൽക്കുന്ന സലാക്ക് കൂടുതൽ മികച്ച ഓഫർ നൽകാൻ പിഎസ്‌ജിക്ക് കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.