ബാഴ്‌സലോണക്കു ഭീഷണിയായി പിഎസ്‌ജി, ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പന്മാർ

PSG Want Robert Lewandowski
PSG Want Robert Lewandowski / Sylvain Lefevre/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന റോബർട്ട് ലെവൻഡോസ്‌കിക്കായി പിഎസ്‌ജി രംഗത്തു വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് ബയേൺ മ്യൂണിക്ക് താരം ബാഴ്‌സലോണയുടെ ഓഫർ മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് വ്യക്തമാക്കിയെങ്കിലും കാറ്റലൻസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു മുതലെടുത്ത് താരത്തെ ക്ലബിലെത്തിക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്

എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം തങ്ങളുടെ ആക്രമണ നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ പോളണ്ട് താരത്തിനു കഴിയുമെന്ന് പിഎസ്‌ജി ഉറച്ചു വിശ്വസിക്കുന്നു. അതേസമയം സൂപ്പർതാരങ്ങൾ നിറഞ്ഞ പിഎസ്‌ജിയിലേക്കുള്ള റോബർട്ട് ലെവൻഡോസ്‌കിയുടെ ട്രാൻസ്‌ഫർ വളരെയധികം സങ്കീർണമായ ഒന്നായിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

ലെവൻഡോസ്‌കിയെ പോലെ യൂറോപ്യൻ ഫുട്ബോളിൽ വളരെ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരത്തെ സ്വന്തമാക്കിയാൽ ക്ലബിന്റെ മൂല്യം വർധിക്കുമെന്നവർ കരുതുന്നു. ഇതിനു പുറമെ ഗോളുകൾ അടിച്ചു കൂട്ടാൻ കഴിവുള്ള താരം ടീമിലെ മുന്നേറ്റനിരയിലെ താരങ്ങളായ മെസി, എംബാപ്പെ, നെയ്‌മർ എന്നിവരെ കൂടുതൽ സഹായിക്കുമെന്നും അവർ കരുതുന്നു. എന്നാൽ ലെവൻഡോസ്‌കി ക്ലബിലേക്ക് വരാൻ സമ്മതം മൂളുമെന്ന കാര്യത്തിൽ അവർക്ക് ഉറപ്പൊന്നുമില്ല.

നിലവിൽ ബാഴ്‌സലോണയാണ് താരത്തിനായി വളരെ ശക്തമായ ശ്രമങ്ങൾ നടത്തുന്നത്. ബയേൺ വിടാനുള്ള താൽപര്യവും ബാഴ്‌സയെ മാത്രമാണ് പരിഗണിക്കുന്നതെന്നും ലെവൻഡോസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നിലവിലുള്ള താരങ്ങളെ ഒഴിവാക്കിയാലേ ബാഴ്‌സയ്ക്ക് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ കഴിയൂ. ഇതിനായി ഫ്രങ്കീ ഡി ജോംഗ് അടക്കമുള്ള താരങ്ങളെ വിൽക്കാൻ ബാഴ്‌സ ശ്രമിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.