എംബാപ്പയെ നഷ്‌ടമായാൽ പിഎസ്‌ജിക്ക് ലുക്കാക്കുവിനെ വേണം, 90 മില്യൺ യൂറോ വരെ വാഗ്‌ദാനം

Sreejith N
TOPSHOT-FBL-EUR-C1-PSG-MAN UTD
TOPSHOT-FBL-EUR-C1-PSG-MAN UTD / MARTIN BUREAU/GettyImages
facebooktwitterreddit

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സമ്മറിൽ ചെൽസി സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കാൻ പിഎസ്‌ജി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ എൽ നാഷണലിനെ അടിസ്ഥാനമാക്കി ദി മിറർ ആണ് ഇക്കാര്യം പുറത്തു വിട്ടത്.

ലോകഫുട്ബോളിലെ ഏറ്റവും ട്രാൻസ്‌ഫർ മൂല്യമേറിയ താരമായി വിലയിരുത്തപ്പെടുന്ന എംബാപ്പയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി നടത്തുന്നുണ്ടെങ്കിലും ഇതുവരെയും താരം അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. താരം അടുത്ത സമ്മറിൽ ക്ലബ് വിട്ടാൽ ആ അഭാവം പരിഹരിക്കാനാണ് ലുക്കാക്കുവിനെ ചെൽസി നോട്ടമിടുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ചെൽസി പരിശീലകൻ തോമസ് ടുഷെലിന്റെ തന്ത്രങ്ങളിൽ താൽപര്യമില്ലെന്നു ലുക്കാക്കു വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് ഒരു മത്സരത്തിൽ താരത്തെ പുറത്തിരുത്തുകയും വലിയൊരു തുക പിഴയായി നൽകുകയും ചെയ്‌തിട്ടുണ്ട്‌. പ്രശ്‌നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടെങ്കിലും താരത്തെ ചെൽസി നേതൃത്വം വിൽക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

അതേസമയം ലുക്കാക്കുവിനായി പിഎസ്‌ജി 90 മില്യൺ യൂറോയാണ് ചിലവാശിക്കാൻ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സമ്മറിൽ 110 മില്യൺ യൂറോയോളം നൽകിയാണ് ചെൽസി ഇന്റർ മിലാനിൽ നിന്നും താരത്തെ സ്വന്തമാക്കിയത്. അതിനാൽ തന്നെ ലുക്കാക്കുവിനെ വിൽക്കുകയാണെങ്കിൽ ഓഫർ വർധിപ്പിക്കാൻ ചെൽസി ആവശ്യപ്പെടാനിടയുണ്ട്.

അതേസമയം കിലിയൻ എംബാപ്പെ പുതിയ കരാർ ഒപ്പിട്ടാൽ ലുക്കാക്കുവിനു വേണ്ടിയുള്ള നീക്കങ്ങളിൽ നിന്നും പിഎസ്‌ജി പുറകോട്ടു പോകും. പിഎസ്‌ജിയിൽ തുടരാനുള്ള പദ്ധതി എംബാപ്പെ ഇതുവരെയും പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും താരം കരാർ പുതുക്കാനുള്ള ചർച്ചകളിൽ സഹകരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ലെ പാരിസിയനും വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit