Transfers

പിഎസ്‌ജിക്ക് മൂന്ന് അർജന്റീന താരങ്ങളെ ഒഴിവാക്കണം

Sreejith N
PSG Want Di Maria, Paredes, Icardi Out Of Club
PSG Want Di Maria, Paredes, Icardi Out Of Club / BERTRAND GUAY/GettyImages
facebooktwitterreddit

വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലുള്ള മൂന്ന് അർജന്റീന താരങ്ങളെ ഒഴിവാക്കാൻ പിഎസ്‌ജി ഒരുങ്ങുന്നു. മുന്നേറ്റനിര താരങ്ങളായ ഏഞ്ചൽ ഡി മരിയ, മൗറോ ഇകാർഡി, മധ്യനിര താരം ലിയാൻഡ്രോ പരഡെസ് എന്നിവരെയാണ് പിഎസ്‌ജി ഒഴിവാക്കാൻ താൽപര്യപ്പെടുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

നിലവിൽ നാല് അർജന്റീന താരങ്ങളാണ് പിഎസ്‌ജിയിൽ കളിക്കുന്നത്. ഇതിൽ ലയണൽ മെസിയെ മാത്രമേ അടുത്ത സീസണിലേക്ക് ക്ലബ് പരിഗണിക്കുന്നുള്ളൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയിൽ നിന്നുമെത്തിയ താരത്തിന് ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിൽ ടീമിൽ നിർണായകസാന്നിധ്യമാകാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

അതേസമയം ഈ സീസണോടെ കരാർ അവസാനിക്കുന്ന ഏഞ്ചൽ ഡി മരിയ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 2015ൽ ഫ്രഞ്ച് ക്ലബിലെത്തിയ താരം മികച്ച പ്രകടനമാണ് ഇതുവരെയും പിഎസ്‌ജിക്കു വേണ്ടി നടത്തിയിട്ടുള്ളതെങ്കിലും കരാർ പുതുക്കി നൽകാൻ പിഎസ്‌ജിക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ലിയാൻഡ്രോ പരഡെസ് 2019ൽ സെനിത്ത് പീറ്റേഴ്‌സ്ബർഗിൽ നിന്നുമാണ് പിഎസ്‌ജിയിൽ എത്തിയത്. അതേസമയം ഇന്റർ മിലൻറെ മുൻ നായകനായ മൗറോ ഇകാർഡി ക്ലബുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആദ്യം ലോണിൽ പിഎസ്‌ജിയിലെത്തി പിന്നീട് സ്ഥിരം കരാർ പൂർത്തിയാക്കുകയായിരുന്നു. രണ്ടു താരങ്ങളും അടുത്ത സീസണിൽ ക്ലബിന്റെ പദ്ധതികളില്ലെന്ന് എൽ എക്വിപ്പെ പറയുന്നു.

പിഎസ്‌ജി ടീമിൽ മറ്റൊരു അർജന്റീനിയന്റെ സാന്നിധ്യമുള്ളത് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയാണ്. അദ്ദേഹവും ഈ സീസണു ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. അങ്ങിനെ സംഭവിച്ചാൽ മെസി മാത്രമായിരിക്കും ടീമിൽ അർജന്റീന താരമായി ബാക്കിയുണ്ടാവുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit