Football in Malayalam

പ്രത്യാഘാതങ്ങൾ ചിന്തിക്കാതെ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടുന്ന പിഎസ്‌ജിക്കു ശക്തമായ ഭാഷയിൽ മുന്നറിയിപ്പുമായി അൾട്രാസ്

Sreejith N
Paris Saint-Germain v Olympique de Marseille - Ligue 1
Paris Saint-Germain v Olympique de Marseille - Ligue 1 / Catherine Steenkeste/GettyImages
facebooktwitterreddit

ടീമിന്റെ ശൈലിയെക്കുറിച്ചോ സ്പോർട്ടിങ് തലത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചോ ചിന്തിക്കാതെ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടുന്ന പിഎസ്‌ജിക്ക് ശക്തമായ മുന്നറിയിപ്പു നൽകി ക്ലബിന്റെ അൾട്രാസ് ഫാൻ ഗ്രൂപ്പ്. നിരവധി സൂപ്പർതാരങ്ങൾ നിറഞ്ഞ ഒരു സംഘമായിട്ടും ഫ്രഞ്ച് കപ്പ് മത്സരത്തിൽ തോറ്റ് പിഎസ്‌ജി പുറത്തായതിനു പിന്നാലെയാണ് പാരീസിലെ ഏറ്റവും പ്രധാന തീവ്ര ആരാധക ഗ്രൂപ്പായ കലക്റ്റിഫ് അൾട്രാസ് പാരിസ് ക്ലബിനു മുന്നറിയിപ്പു നൽകിയത്.

"ഞങ്ങൾക്ക് പിന്തുണക്കാൻ കഴിയാത്ത ഒരു രൂപമാണ് വളരെ കാലമായി ഈ ക്ലബ് മുന്നോട്ടു വെക്കുന്നത്. ഒരു മോശം കുട്ടിയുടെ സ്വഭാവം പോലെ വമ്പൻ താരങ്ങളെ അവർ കൂട്ടിച്ചേർത്തു വെക്കുന്നു, അതു സ്പോർട്ടിങ് തലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവർ ചിന്തിക്കുന്നേയില്ല." ഫാൻ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

"ഈ ക്ലബ് വലിയ സ്വപ്‌നങ്ങളാണ് കാണുന്നത് എന്നതിനാൽ ഫെബ്രുവരിയിൽ സീസൺ ആരംഭിക്കുന്നതു പോലെയാണ് തോന്നിപ്പിക്കുന്നത്. ആഭ്യന്തര കിരീടങ്ങൾക്ക് അവർ യാതൊരു വിലയും നൽകുന്നില്ല." ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടിയുള്ള പിഎസ്‌ജിയുടെ തീവ്രമായ ശ്രമത്തെ പരിഹസിച്ച് അവർ പറഞ്ഞു.

"ഞങ്ങൾക്ക് ഈ ക്ലബ്ബിനെ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ അതിന്റെ ഏറ്റവും ഉയർന്ന പരിധിയിൽ എത്തിയിരിക്കുന്നു. വലിയ നിരാശകൾ ഉണ്ടാകുമ്പോഴും ഞങ്ങൾ മാറ്റമില്ലാത്ത പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌."

"ഇന്ന് ഞങ്ങൾ അലാറം മുഴക്കുന്നു. കളിക്കാർ, പരിശീലകരെല്ലാം പ്രതികരിക്കേണ്ട സമയമാണിത്. അതല്ലെങ്കിൽ ഞങ്ങൾ നിരാശയെ അഭിമുഖീകരിക്കുന്നത് തുടരും. ഞങ്ങളെ ബഹുമാനിക്കുക. ടീമിന്റെ നിറങ്ങളെ ബഹുമാനിക്കുക." പ്രസ്‌താവനയിൽ അൾട്രാസ് വ്യക്തമാക്കി.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മെസി, റാമോസ്, ഹക്കിമി, ഡോണറുമ്മ, വൈനാൽഡം എന്നീ വമ്പൻ താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ പിഎസ്‌ജിയിൽ നെയ്‌മർ, എംബാപ്പെ, ഡി മരിയ, വെറാറ്റി, മാർക്വിന്യോസ്, ഇകാർഡി, നവാസ് തുടങ്ങിയ വേറെയും സൂപ്പർതാരങ്ങളുണ്ട്. എന്നിട്ടും ഈ സീസണിൽ ഇതുവരെയും മികച്ച പകടനം നടത്താൻ ടീമിനു കഴിയാത്തതിനെ തുടർന്നാണ് ആരാധകസംഘം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit