Football in Malayalam

പിഎസ്‌ജി അൾട്രാസിന്റെ ക്ഷമ നശിച്ചു, ക്ലബ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം

Sreejith N
PSG Ultras Demand Nasser Al-Khelaifi's Resignation
PSG Ultras Demand Nasser Al-Khelaifi's Resignation / Sebastian Frej/MB Media/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ റയൽ മാഡ്രിഡിനോട് തോറ്റു പിഎസ്‌ജി പുറത്തായതിനു പിന്നാലെ ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലൈഫിയെ പുറത്താക്കണമെന്ന ആവശ്യവുമായി പിഎസ്‌ജി അൾട്രാസ് ഫാൻ ഗ്രൂപ്പിന്റെ പ്രതിനിധികൾ. ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരടങ്ങിയ പിഎസ്‌ജിയാണ് രണ്ടു ഗോളിന്റെ ലീഡ് പതിനേഴു മിനുറ്റിനിടെ തുലച്ചു കളഞ്ഞ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്.

വളരെ വർഷങ്ങളായി യൂറോപ്യൻ കിരീടം പ്രധാന ലക്ഷ്യമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ക്ലബാണ് പിഎസ്‌ജി. അതിനു വേണ്ടിയാണ് നിരവധി സൂപ്പർതാരങ്ങളെ അവർ ടീമിന്റെ ഭാഗമാക്കുകയും ചെയ്‌തത്‌. എന്നാൽ പരസ്‌പരം അനുമോദിക്കാൻ പോലും തയ്യാറാവാത്ത ഈ താരങ്ങളെ വെച്ച് യൂറോപ്യൻ കിരീടം മാത്രം ലക്ഷ്യമിട്ടു കളിക്കുകയും ആഭ്യന്തര ടൂർണമെന്റുകൾ ലാഘവത്വത്തോടെ കാണുകയും ചെയ്യുന്ന പിഎസ്‌ജിക്ക് ഗെയിം പ്ലാൻ നടപ്പാക്കാൻ കഴിയില്ലെന്നും ക്ലബ്ബിനെ നയിക്കാൻ അൽ ഖലൈഫിക്ക് കഴിയില്ലെന്നും കലക്റ്റിഫ് അൾട്രാ പാരീസിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നു.

തങ്ങൾ മുൻകൂട്ടി കണ്ടതും ഭയപ്പെട്ടതുമായ അത്യാഹിതം നിർഭാഗ്യവശാൽ സംഭവിച്ചുവെന്നും ചാമ്പ്യൻസ് ലീഗ് കിരീടം മാത്രം ലക്ഷ്യമിട്ട്, ആഭ്യന്തര ടൂർണമെന്റുകൾ നിസാരമായി കണ്ട്, ഫെബ്രുവരിയിൽ സീസൺ ആരംഭിക്കുന്നതു പോലെ ക്ലബ് മുന്നോട്ടു പോകുമ്പോൾ വലിയ കടമ്പകൾ എങ്ങിനെ മറികടക്കുമെന്നും പരസ്‌പരം അഭിനന്ദിക്കാൻ പോലും തയ്യാറാവാത്ത ഒരു കൂട്ടം താരങ്ങൾ മാത്രമുള്ള ക്ലബ്ബിനെ വെച്ച് എങ്ങിനെ ഗെയിം പ്ലാൻ നടപ്പിലാക്കുമെന്നും അവർ ചോദിക്കുന്നു.

പിഎസ്‌ജിയുടെ പരിശീലകനല്ല യഥാർത്ഥത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നിരിക്കെ എങ്ങിനെയാണ് അദ്ദേഹത്തിന് ടീമിന്റെ നേതാവാകാൻ കഴിയുകയെന്ന ചോദ്യമുയർത്തിയ അവർ സബ്സ്റ്റിറ്റിയൂട്ടുകൾ പോലും വമ്പൻ ശമ്പളം വാങ്ങുമ്പോൾ എങ്ങിനെയാണ് ടീമിനെ പുതുക്കിയെടുക്കാൻ കഴിയുകയെന്ന ചോദ്യവും പ്രസ്‌താവനയിലൂടെ ഉയർത്തിക്കാട്ടുന്നു.

പിഎസ്‌ജിയുടെ തിരിച്ചുവരവിന് കാരണക്കാരൻ നാസർ അൽ ഖലൈഫി തന്നെയാണെന്നു വിസ്‌മരിക്കുന്നില്ലെന്നു പറഞ്ഞ അവർ പക്ഷെ ഈ ജോലിക്ക് അദ്ദേഹം അനുയോജ്യനല്ലെന്നു പറഞ്ഞാണ് പ്രസ്‌താവന അവസാനിപ്പിക്കുന്നത്. ക്ലബിന്റെ നിലവിലെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ പൂർണമായ പുനഃസംഘടന ആവശ്യമുണ്ടെന്നും ക്ലബിൽ പ്രസിഡന്റിന്റെ സാന്നിധ്യം ദിവസവും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit