ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള അവസരം നിരസിച്ച് പി.എസ്.ജി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള അവസരം ഫ്രഞ്ച് ക്ലബ് പി.എസ്.ജി നിരസിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ പി.എസ്.ജിക്ക് അവസരം ലഭിച്ചെങ്കിലും വെറ്ററന്‍ താരത്തെ ഈ സീസണില്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് പി.എസ്.ജിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേ സമയം, അനുയോജ്യമായ ഓഫറുകൾ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ട റൊണാൾഡോ, ഇത് വരെ പ്രീ-സീസൺ പര്യടനത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നിട്ടില്ല. കുടുംബപരമായ പ്രശ്നങ്ങള്‍ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തതെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശദീകരിക്കുന്നത്.
റൊണാൾഡോയെ വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നും അടുത്ത സീസണില്‍ തന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ട താരമാണ് റൊണാള്‍ഡോയെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു.
അതേ സമയം, റൊണാൾഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് താരത്തിനായി പുതിയ ക്ലബ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഇത്തരത്തില്‍ താരത്തെ സ്വന്തമാക്കാനുള്ള അവസരമാണ് പി.എസ്.ജി നിരസിച്ചതെന്നും ലെ പാരിസിയെന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റൊണാൾഡോയെ സ്വന്തമാക്കാന്‍ പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും, പരിശീലകന് തോമസ് ടുഷേല്‍ താരത്തെ ടീമിലെത്തിക്കുന്നതില്‍ സന്തുഷ്ടനല്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.