Football in Malayalam

പുതിയ കരാർ ഒപ്പിടാൻ വിസമ്മതിച്ചാൽ എംബാപ്പെയെ വർഷം മുഴുവൻ പി എസ് ജി ബെഞ്ചിലിരുത്തണമെന്ന് മുൻ ഫ്രഞ്ച് താരം

Gokul Manthara
Stade Brestois v Paris Saint-Germain - Ligue 1
Stade Brestois v Paris Saint-Germain - Ligue 1 / John Berry/Getty Images
facebooktwitterreddit

ഫ്രെഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമ്മനുമായുള്ള കരാറിൽ ഒരു വർഷം കൂടി ശേഷിക്കുന്ന കെയ്ലിൻ എംബാപ്പെക്ക് ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവെക്കാൻ താല്പര്യമില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി‌ ശക്തമാണ്. പുതിയ കരാർ നൽകി താരത്തെ നിലനിർത്താൻ പി എസ് ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും എംബാപ്പെ ഇതിനോട് അടുക്കുന്നില്ലെന്നാണ് സൂചനകൾ. അതിനിടെ ഇപ്പോളിതാ പി എസ് ജിയുമായി പുതിയ കരാർ ഒപ്പുവെക്കാൻ എംബാപ്പെ വിസമ്മതിക്കുകയാണെങ്കിൽ അദ്ദേഹത്തെ വർഷം മുഴുവനും ബെഞ്ചിലിരുത്തണമെന്ന് ഫ്രഞ്ച് ക്ലബ്ബിന് നിർദ്ദേശം നൽകിയിരിക്കുകയാണ് മുൻ ഫ്രെഞ്ച് താരമായ എറിക് ഡി മെക്കോ.

എംബാപ്പെയെ പി എസ് ജിയുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് വിടുന്നത് അദ്ദേഹത്തിന്റെ കൈയ്യിൽ കാർഡ് കൊടുക്കുന്നത് പോലെ ആണെന്നാണ് എറിക്ക് ഡി മെക്കോ പറയുന്നത്. തങ്ങൾക്കൊപ്പം തുടരാൻ കഴിയില്ലെന്ന് ഒരു താരം പറയുകയാണെങ്കിൽ അവരെ സീസൺ മുഴുവൻ ബെഞ്ചിലിരുത്തുകയാണ് പി എസ് ജിയെപ്പോലൊരു ശക്തമായ ക്ലബ്ബ് ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അവർക്ക് അത് ചെയ്യാനുള്ള അവകാശമുണ്ടെന്നും അങ്ങനെ ചെയ്യുകയാണെങ്കിൽ അവിടെയെത്തുന്ന മറ്റ് താരങ്ങൾക്ക് തന്നിഷ്ടം പോലെ ക്ലബ്ബിൽ കാര്യങ്ങൾ നടത്താനാവില്ലെന്ന മുന്നറിയിപ്പ് നൽകാനും പി എസ് ജിക്ക് കഴിയുമെന്ന് ഫ്രഞ്ച് മാധ്യമമായ ആർ എം സി സ്പോർടിനോട് സംസാരിക്കവെ ഡി മെക്കോ ചൂണ്ടിക്കാട്ടി.

അതേ സമയം 2017 മുതൽ പി എസ് ജിക്കൊപ്പമുള്ള താരമാണ് എംബാപ്പെ. ക്ലബ്ബിനായി ഇതു വരെ 171 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ ഇരുപത്തിരണ്ടുകാരൻ, 132 ഗോളുകൾ നേടിയതിനൊപ്പം 61 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit