പോച്ചട്ടിനോയെ പിഎസ്‌ജി പുറത്താക്കുന്നു, പകരക്കാരനാവാൻ തയ്യാറാണെന്ന് പ്രീമിയർ ലീഗ് പരിശീലകൻ

PSG To Sack Pochettino, Conte Offers Himself To PSG
PSG To Sack Pochettino, Conte Offers Himself To PSG / David Ramos/GettyImages
facebooktwitterreddit

അർജന്റീനിയൻ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയെ പുറത്താക്കാൻ പിഎസ്‌ജി ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ലെൻസിനെതിരായ മത്സരത്തിൽ സമനില നേടി ഈ സീസണിലെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി ഒരു ദിവസം തികയുന്നതിനു മുൻപെയാണ് പോച്ചട്ടിനോയെ പിഎസ്‌ജി പുറത്താക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ പുറത്തു വിടുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളിൽ അർജന്റീനിയൻ പരിശീലകൻ ടീമിനൊപ്പം തുടരുന്നതിനോട് താൽപര്യമില്ലെന്ന് ക്ലബ് നേതൃത്വം വ്യക്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് ക്ലബ് വിടാൻ പോച്ചട്ടിനോക്കും പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ വരുന്ന ദിവസങ്ങളിൽ തന്നെ നഷ്‌ടപരിഹാരം നൽകി അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മെസി, റാമോസ്, ഡോണറുമ്മ എന്നിങ്ങനെ നിരവധി വമ്പൻ താരങ്ങളെ പിഎസ്‌ജി സ്വന്തമാക്കിയതിനാൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ പോച്ചട്ടിനോക്കു മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിതമായി തോറ്റ് പുറത്തായതോടെ ടീമിലെ സൂപ്പർതാരങ്ങളെ കൃത്യമായി നയിക്കാൻ പോച്ചട്ടിനോക്ക് കഴിയുന്നില്ലെന്ന വിമർശനം ശക്തമായതിനു പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാൻ പിഎസ്‌ജി തീരുമാനിക്കുന്നത്.

പോച്ചട്ടിനോയെ പുറത്താക്കുമെന്നതിനൊപ്പം നിലവിൽ ടോട്ടനം പരിശീലകനായ അന്റോണിയോ കോണ്ടെ പിഎസ്‌ജിയുടെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടോട്ടനം ഹോസ്‌പർ ട്രാൻസ്‌ഫർ മാർക്കറ്റിൽ കൃത്യമായ ഇടപെടലുകൾ നടത്താത്തതിൽ അമർഷമുള്ള കോണ്ടെക്ക് ഇറ്റാലിയൻ താരങ്ങളായ മാർകോ വെറാറ്റി, ഡോണറുമ്മ എന്നിവർക്കൊപ്പം ചേരാൻ ആഗ്രഹവുമുണ്ട്.

പോച്ചട്ടിനോക്ക് പകരക്കാരനായി മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനായിരുന്നു പിഎസ്‌ജിയുടെ പ്രധാന ലക്‌ഷ്യം. എന്നാൽ സിദാന് ഇപ്പോൾ പിഎസ്‌ജിയുടെ ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖത്തർ ലോകകപ്പിനു ശേഷം ദെഷാംപ്‌സ് സ്ഥാനമൊഴിയാൻ സാധ്യതയുള്ളതിനാൽ അതിനു പകരം ഫ്രാൻസ് ദേശീയടീമിന്റെ പരിശീലകനാവാനാണ് സിദാൻ ലക്ഷ്യമിടുന്നത്.

സാമ്പത്തികപരമായ കാര്യങ്ങൾ കൂടി കൃത്യമാക്കിയതിനു ശേഷമാകും പോച്ചട്ടിനോയെ പിഎസ്‌ജി പുറത്താക്കുക. പോച്ചട്ടിനോയുടെ കരാർ ഇനിയും ബാക്കിയുള്ളതിനാൽ അദ്ദേഹത്തെ നേരത്തെ പുറത്താക്കാൻ ഏതാണ്ട് പതിനഞ്ചു മില്യൺ യൂറോയോളം നഷ്‌ടപരിഹാരമായി പിഎസ്‌ജി നൽകേണ്ടി വരും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.