Football in Malayalam

മെസിയും റൊണാൾഡോയും അടുത്ത സീസൺ ഒരുമിച്ചു കളിച്ചേക്കും, പിഎസ്‌ജിയുടെ നീക്കങ്ങൾ ആരും പ്രതീക്ഷിക്കാത്തത്

Sreejith N
Cristiano Ronaldo and Lionel Messi could be teammates at PSG next season
Cristiano Ronaldo and Lionel Messi could be teammates at PSG next season / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫറും അതുമായി ബന്ധപ്പെട്ട വാർത്തകളിലും മുഴുകിയിരിക്കയാണ് ഫുട്ബോൾ ലോകം. ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്നു പ്രതീക്ഷിച്ച താരത്തിനു പുതിയ കരാർ നൽകാൻ കഴിയില്ലെന്നു കാറ്റലൻ ക്ലബ് അറിയിച്ചതോടെ ദ്രുതഗതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയ പിഎസ്‌ജി ദിവസങ്ങൾക്കുള്ളിൽ തന്നെ മെസിയെ ടീമിന്റെ ഭാഗമാക്കി.

അതേസമയം മെസി ടീമിലെത്തുന്നത് പിഎസ്‌ജിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നതിൽ യാതൊരു സംശയവുമില്ല. നിലവിൽ തന്നെ ടീമിലെ സൂപ്പർതാരമായ കെയ്‌ലിയൻ എംബാപ്പെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും താരത്തെ ഈ സീസണിൽ പിഎസ്‌ജി വിട്ടുകൊടുക്കില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ എഎസ് വെളിപ്പെടുത്തുന്നത്. കരാർ പുതുക്കാതെ താരം അടുത്ത സീസണിൽ ക്ലബ് വിട്ടാൽ അതിനു പകരക്കാരനായി റൊണാൾഡോയെ രണ്ടു വർഷത്തെ കരാറിൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സമ്മർ ജാലകത്തിൽ എംബാപ്പയെ മറ്റേതെങ്കിലും ക്ലബിനു നൽകിയാൽ വലിയൊരു തുക ട്രാൻസ്‌ഫർ ഫീസ് ലഭിക്കുമെങ്കിലും അത് കണക്കാക്കാതെ ഈ സീസണിൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരെ ഒരുമിച്ച് അണിനിരത്താൻ തന്നെയാണ് പിഎസ്‌ജിയുടെ തീരുമാനം. അതിനു ശേഷം കരാർ പുതുക്കാൻ തയ്യാറാവാതെ എംബാപ്പെ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാലും അതെ സമയത്ത് യുവന്റസുമായുള്ള കരാർ അവസാനിക്കുന്ന റൊണാൾഡോയെ പകരമെത്തിക്കാനാണ് പിഎസ്‌ജിയുടെ നീക്കം.

റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസിന് പിഎസ്‌ജിയുടെ പദ്ധതികളെക്കുറിച്ച് ധാരണയുണ്ടെന്നും അതിൽ താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ മുപ്പത്തിയേഴു വയസാവുന്ന യുവന്റസ് താരത്തിനും പിഎസ്‌ജിയിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടാകും. കരിയറിന്റെ അവസാന സമയത്ത് രണ്ടു വർഷം കൂടി യൂറോപ്പിൽ തന്നെ തുടരാനാണ് ഇതു വഴിയൊരുക്കുക.

മെസിയുടെ കരാർ മൂന്നു വർഷത്തേക്കു വരെ നീളുന്ന ഒന്നാണെന്നതും അടുത്ത സീസണിൽ റൊണാൾഡോക്ക് പിഎസ്‌ജി രണ്ടു വർഷത്തെ കരാർ നൽകുമെന്നതുമായ റിപ്പോർട്ടുകൾ ലോകഫുട്ബോളിലെ രണ്ടു സൂപ്പർതാരങ്ങൾ ഒരുമിച്ച് യൂറോപ്പിൽ കളിയവസാനിപ്പിക്കുന്ന സാഹചര്യത്തിലേക്കാണോ എത്തിക്കുന്നതെന്ന് കാത്തിരുന്നു കാണാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit