Football in Malayalam

ടീമിനെ അഴിച്ചു പണിയാൻ പിഎസ്‌ജി, ജനുവരിയിൽ ഏഴു താരങ്ങളെ ഒഴിവാക്കാൻ സാധ്യത

Sreejith N
FBL-EUR-C1-PSG-MAN CITY
FBL-EUR-C1-PSG-MAN CITY / FRANCK FIFE/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങൾ ക്ലബിലെത്തി യൂറോപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായി മാറിയെങ്കിലും പിഎസ്‌ജിയുടെ മികവ് കടലാസിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നു. സീസൺ ആരംഭിച്ച് ഇത്രയുമായിട്ടും ആധികാരികമായ പ്രകടനമോ മികച്ചൊരു സ്റ്റാർട്ടിങ് ലൈനപ്പോ കണ്ടെത്താൻ പിഎസ്‌ജിക്കു കഴിയാത്തതിനെ തുടർന്ന് പല ഭാഗത്തു നിന്നും ഫ്രഞ്ച് ക്ലബിനെതിരെ വിമർശനവും ശക്തമാണ്.

എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിലവിൽ ടീമിനുള്ള പോരായ്‌മകൾക്കെല്ലാം പരിഹാരം കാണാനാണ് പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ ഒരുങ്ങുന്നത്. നിലവിൽ മുപ്പത്തിയാറു താരങ്ങളുള്ള പിഎസ്‌ജി സ്‌ക്വാഡിൽ നിന്നും ഏഴു താരങ്ങൾ ഇതിന്റെ ഭാഗമായി ഒഴിവാക്കപ്പെടുമെന്നു ഫൂട്മെർകാടോ റിപ്പോർട്ടു ചെയ്യുന്നു.

കെയ്‌ലർ നവാസ്, ഡോണറുമ്മ എന്നീ മികച്ച ഗോൾകീപ്പർമാർ ഉള്ളതിനാൽ തന്നെ സെർജിയോ റിക്കോയാണ് ടീമിൽ നിന്നും ഒഴിവാക്കപ്പെടാൻ ഏറ്റവുമധികം സാധ്യതയുള്ള താരം. ഇതിനു പുറമെ പ്രതിരോധതാരങ്ങളായ അമദ് ദിയല്ലോ, തിയോ കെഹ്‌റർ ഈ സീസണിലിതു വരെയും പിഎസ്‌ജിക്കു വേണ്ടി കളിച്ചിട്ടില്ലാത്ത ലായ്വിൻ കുർസാവ എന്നിവരെയും ഫ്രഞ്ച് ക്ലബ് ഒഴിവാക്കാൻ പരിഗണിക്കുന്നുണ്ട്.

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ഇറങ്ങിയിട്ടുള്ള നുനോ മെൻഡസ്, ജുവാൻ ബെർണറ്റ് എന്നിവർ ജനുവരിയിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റീനിയൻ മധ്യനിര താരം ലിയാൻഡ്രോ പരഡെസ് പിഎസ്‌ജിയുടെ ട്രാൻസ്‌ഫർ ലിസ്റ്റിലുണ്ടെന്നാണ് റിപ്പോർട്ടിലുള്ള പ്രധാനവിവരം. എന്നാൽ മെസി ടീമിലുള്ളതിനാൽ പരഡെസ് ടീം വിടാനുള്ള സാധ്യത കുറവാണ്.

ലിവർപൂൾ താരം തിയാഗോയുടെ സഹോദരനായ റഫിന്യ അൽകാൻട്രയും മുന്നേറ്റനിരയിലെ അർജന്റീനിയൻ സ്‌ട്രൈക്കർ ഇക്കാർഡിയെയും പിഎസ്‌ജി ഒഴിവാക്കാൻ തയ്യാറെടുക്കുന്നുണ്ട്. റാഫിന്യയുടെ സാലറി ആവശ്യം കൂടുതലായതിനാൽ താരത്തെ ഏതെങ്കിലും ടീം വാങ്ങാനുള്ള സാധ്യത കുറവാണ്. അതേസമയം ഇകാർഡിയെ വാങ്ങാൻ യുവന്റസ് ഉൾപ്പെടെയുള്ള നിരവധി ക്ലബുകൾ മുന്നിലുണ്ടാകുമെന്നതിൽ സംശയമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit