Football in Malayalam

മെസി, റൊണാൾഡോ എന്നിവരിലൊരാളെ ടീമിലെത്തിക്കുമ്പോൾ ഒഴിവാക്കേണ്ടത് ആരെയാണെന്നു തീരുമാനിച്ച് പിഎസ്‌ജി

Sreejith N
Paris Saint-Germain v Montpellier HSC - Ligue 1
Paris Saint-Germain v Montpellier HSC - Ligue 1 / Xavier Laine/Getty Images
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകം വളരെയധികം ചൂടുപിടിച്ച ഒന്നായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിന്റെ പ്രധാന കാരണം ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ ക്ലബ് വിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നതു കൊണ്ടു കൂടിയാണ്.

ഇരു താരങ്ങളും അവരുടെ ക്ലബ് വിടുകയാണെങ്കിൽ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്കാണ്. രണ്ടു പേരിലും താൽപര്യമുണ്ടെന്ന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഈ രണ്ടു പേരിൽ ആരെയെങ്കിലും സ്വന്തമാക്കണമെങ്കിൽ പിഎസ്‌ജി നിലവിൽ ടീമിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കേണ്ടി വരുമെന്നുറപ്പാണ്.

ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ട് ചെയ്‌തതു പ്രകാരം മെസിയോ റൊണാൾഡോയോ ടീമിലേക്കെത്തുകയാണെങ്കിൽ ഒഴിവാക്കേണ്ട താരം ഏതാണെന്ന കാര്യത്തിൽ പിഎസ്‌ജി ഇപ്പോൾ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. അർജന്റീനിയൻ സ്‌ട്രൈക്കറായ മൗറോ ഇകാർഡി ആയിരിക്കും ഫുട്ബോൾ ലോകത്തിലെ സൂപ്പർതാരങ്ങൾക്ക് വേണ്ടി പിഎസ്‌ജിയിൽ നിന്നും വഴിമാറേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ലാ റിപ്പബ്ലിക്ക തന്നെ പുറത്തു വിട്ട മറ്റൊരു റിപ്പോർട്ടിൽ ഇകാർഡി ഇറ്റലിയിലേക്ക് തന്നെ തിരിച്ചെത്താനുള്ള സാധ്യതകളെക്കുറിച്ചും പരാമർശിക്കുന്നു. എസി മിലാൻ സ്പോർട്ടിങ് ഡയറക്ടറായ പൗളോ മാൾദിനി, ഇകാർഡിക്ക് വേണ്ടി താരത്തിന്റെ ഏജന്റും ഭാര്യയുമായി വാൻഡ നാറയുമായി ചർച്ചകൾ നടത്തിയെന്നാണ് ഇറ്റാലിയൻ മാധ്യമം പറയുന്നത്.

എസി മിലാനു പുറമെ യുവന്റസിനും ഇകാർഡിയെ സ്വന്തമാക്കാൻ വളരെയധികം താൽപര്യമുണ്ട്. ഇന്ററിൽ മികച്ച പ്രകടനം നടത്തിയിരുന്ന താരത്തിന് സീരി എയിലുള്ള പരിചയസമ്പത്താണ് യുവന്റസിനെ ആകർഷിക്കുന്നത്. അതേസമയം മോയ്‌സ്‌ കീൻ മികച്ച പ്രകടനം നടത്തുന്നത് ഫ്രാൻസിൽ തന്റെ ഭാവിയെ പുറകോട്ടടിപ്പിക്കുമെന്നതു കൊണ്ട് താരം തന്നെ പിഎസ്‌ജി വിടാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.

facebooktwitterreddit