Football in Malayalam

എംബാപ്പയെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാക്കാമെന്ന വാഗ്‌ദാനവുമായി പിഎസ്‌ജി

Sreejith N
Paris Saint-Germain v Real Madrid: Round of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round of Sixteen Leg One - UEFA Champions League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ഈ സീസണോടെ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പയെ ടീമിനൊപ്പം നിലനിർത്താൻ വമ്പൻ വാഗ്‌ദാനവുമായി പിഎസ്‌ജി. ഇംഗ്ലീഷ് മാധ്യമമായ ഇന്ഡിപെന്ഡെന്റിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമാക്കാമെന്ന വാഗ്‌ദാനമാണ് ക്ലബിനൊപ്പം തുടരാൻ വേണ്ടി എംബാപ്പക്കു പിഎസ്‌ജി നൽകിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ എംബാപ്പെയുടെ കരാർ ഈ സീസണു ശേഷം അവസാനിക്കുമ്പോൾ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. അതേസമയം മൊണാക്കോയിൽ നിന്നും റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച എംബാപ്പെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണെന്നിരിക്കെ താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജിയും നടത്തുന്നുണ്ട്.

ജനുവരി ആരംഭിച്ചത് മുതൽ ഏതു ക്ലബുമായും ട്രാൻസ്‌ഫർ ചർച്ച നടത്താനും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനും കഴിയുന്ന എംബാപ്പെ ഇതുവരെയും അതിനു മുതിർന്നിട്ടില്ല. റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷവും താൻ ഭാവിയെക്കുറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയതിനു ശേഷം അതേക്കുറിച്ച് തീരുമാനം എടുക്കുമെന്നുമാണ് താരം പറഞ്ഞത്.

ലയണൽ മെസി, നെയ്‌മർ തുടങ്ങിയ സൂപ്പർതാരങ്ങൾ ആക്രമണ നിരയിൽ ഉള്ളതിനാൽ എംബാപ്പയെ വിട്ടുകൊടുക്കാമെന്ന നിലപാട് പിഎസ്‌ജിക്കില്ല. ക്ലബിന്റെ ഭാവിയായി പരിഗണിക്കുന്ന താരത്തെ ഏതു വിധേനെയും തങ്ങൾക്കൊപ്പം നിലനിർത്താൻ നിരന്തരമായ ചർച്ചകൾ അവർ എംബാപ്പയുടെ പ്രതിനിധികളുമായി നടത്തുന്നുണ്ട്. ആഴ്‌ചയിൽ അഞ്ചു ലക്ഷം പൗണ്ട് പ്രതിഫലം നൽകുന്ന കരാറാണ് അവർ ഏറ്റവുമവസാനം താരത്തിനായി വാഗ്‌ദാനം നൽകിയിരിക്കുന്നത്.

അതേസമയം എംബാപ്പയുടെ തീരുമാനം സീസണിൽ പിഎസ്‌ജി നടത്തുന്ന പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ചാമ്പ്യൻസ് ലീഗ് ആദ്യപാദം കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള താരത്തിന്റെ തീരുമാനങ്ങൾക്ക് ഇളക്കം തട്ടിയെന്ന റിപ്പോർട്ടുകൾ ഉള്ള സ്ഥിതിക്ക് ഈ സീസണിൽ പിഎസ്‌ജി യൂറോപ്പിലെ ചാമ്പ്യൻമാരായാൽ എംബാപ്പെ ക്ലബിൽ തുടരുന്നത് പരിഗണിക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit