കെയ്ലിൻ എംബാപ്പെ ക്ലബ്ബ് വിട്ടാൽ, പകരക്കാരനായി ഏർലിങ് ഹാലൻഡിനെ ടീമിലെത്തിക്കാൻ പിഎസ്ജി

ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ്ബ് വിടുകയാണെങ്കിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ മുന്നേറ്റ താരം എർലിംഗ് ഹാലൻഡിനെ പകരം ടീമിലെത്തിക്കുന്ന കാര്യം പിഎസ്ജി പരിഗണിക്കുമെന്ന് റിപോർട്ടുകൾ. ഹാലൻഡിന്റെ ഏജന്റായ മിനോ റയോളയുമായി മികച്ച ബന്ധമാണ് പിഎസ്ജിക്കുള്ളതെന്നും ഇക്കഴിഞ്ഞ സമ്മറിലും താരത്തിന്റെ ലഭ്യതയെക്കുറിച്ച് ഫ്രഞ്ച് ക്ലബ്ബ് അന്വേഷിച്ചിരുന്നെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ താരങ്ങളിലൊരാളായി വിശേഷിക്കപ്പെടുന്ന ഹാലൻഡ് ഇപ്പോൾത്തന്നെ യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളുടേയും നോട്ടപ്പുള്ളിയാണ്. അതിനിടെ താരത്തിന്റെ ശമ്പള ഡിമാൻഡ് പ്രതിവർഷം 50 മില്ല്യൺ യൂറോയായി അദ്ദേഹത്തിന്റെ ഏജന്റ് നിശ്ചയിച്ചെന്നാണ് ഇറ്റാലിയൻ മാധ്യമമായ ല ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമായ ഹാലൻഡിന്റെ റിലീസ് ക്ലോസാവട്ടെ 70 മില്ല്യൺ യൂറോക്കും, 90 മില്ല്യൺ യൂറോക്കുമിടയിൽ വരുമെന്നാണ് സൂചന. വരും വർഷങ്ങളിൽ ഹാലൻഡിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബിന് അതിനായി പണം വാരിയെറിയേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിവ.
If Kylian Mbappé leaves, PSG will go for Erling Haaland. Paris is even said to be in pole position on the case. Leonardo and Mino Raiola would like to see the deal done. The player's entourage would demand a salary of €50m/year.
— Oddschanger (@Oddschanger) October 1, 2021
via @hadrien_grenier pic.twitter.com/PwPxND6SCB
അതേ സമയം, അടുത്ത വർഷം ജൂണിൽ തങ്ങളുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന എംബാപ്പെ കരാർ പുതുക്കാൻ തയ്യാറാകാതെ ക്ലബ്ബ് വിടുകയാണെങ്കിൽ അദ്ദേഹത്തിന് പകരം ലോകഫുട്ബോളിലെ മികച്ചൊരു മുന്നേറ്റ താരത്തെ ടീമിലേക്ക് കൊണ്ടു വരേണ്ടത് പിഎസ്ജിയെ സംബന്ധിച്ച് അനിവാര്യമാകും. ഈ സ്ഥാനത്തേക്ക് ക്ലബ്ബ് പ്രധാനമായും ഹാലൻഡിനെ പരിഗണിക്കുമെന്നാണ് ലാ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.
എംബാപ്പെ അടുത്ത സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വളരെക്കൂടുതലായതിനാൽ പിഎസ്ജി ഹാലൻഡിനായി രംഗത്തെത്താനുള്ള സാധ്യതയും ഉയർന്ന് നിൽക്കുന്നു.