Football in Malayalam

കെയ്‌ലിൻ എംബാപ്പക്കു വേണ്ടിയുള്ള റയൽ മാഡ്രിഡിന്റെ രണ്ടാമത്തെ ഓഫർ പിഎസ്‌ജി സ്വീകരിച്ചേക്കും

Sreejith N
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Xavier Laine/Getty Images
facebooktwitterreddit

ഫ്രഞ്ച് സൂപ്പർതാരമായ കെയ്‌ലിയൻ എംബാപ്പക്കു വേണ്ടി റയൽ മാഡ്രിഡ് നൽകിയ രണ്ടാമത്തെ ഓഫർ പിഎസ്‌ജി സ്വീകരിക്കാൻ തയ്യാറെടുക്കുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ റയൽ മാഡ്രിഡ് എംബാപ്പക്കു വേണ്ടി നൽകിയ ഓഫർ പിഎസ്‌ജി തള്ളിയെങ്കിലും ഫ്രാൻസിൽ തുടരാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിഎസ്‌ജി പുതിയ ഓഫർ പരിഗണിക്കാൻ ഒരുങ്ങുന്നത്.

നേരത്തെ താരത്തിനായി 160 മില്യൺ യൂറോയുടെ ഓഫറാണ് റയൽ മാഡ്രിഡ് നൽകിയതെന്നാണ് സ്ഥിരീകരിക്കപ്പെട്ട വിവരം. തങ്ങളുടെ ആദ്യത്തെ ഓഫറിനോട് പിഎസ്‌ജി രൂക്ഷമായാണ് പ്രതികരിച്ചതെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാനുള്ള രണ്ടാമത്തെ ഓഫർ റയൽ മാഡ്രിഡ് നൽകിയത്.

റിപ്പോർട്ടുകൾ പ്രകാരം 180 മില്യൺ യൂറോയുടെ ഓഫറാണ് റയൽ മാഡ്രിഡ് എംബാപ്പക്കു വേണ്ടി നൽകിയത്. ഇതിൽ 170 മില്യൺ യൂറോ ട്രാൻസ്‌ഫർ ഫീസും 10 മില്യൺ യൂറോ അനുബന്ധമായ ഉടമ്പടികൾ പ്രകാരമുള്ള ഫീസുകളുമാണ്. എംബാപ്പയെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും റയലിലേക്ക് ചേക്കേറുകയെന്ന ആഗ്രഹത്തിൽ താരം ഉറച്ചു നിൽക്കുന്നതു കൊണ്ടു തന്നെ റയലിന്റെ ഓഫർ പിഎസ്‌ജി ഇന്നു തന്നെ സ്വീകരിക്കുമെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.

ഓഫർ പിഎസ്‌ജി സ്വീകരിച്ചാലുടൻ താരത്തിന്റെ ട്രാൻസ്‌ഫർ റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കയാണ്. അതിനു ശേഷം ലോസ് ബ്ലാങ്കോസുമായുള്ള മെഡിക്കൽ, കരാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷമാവും എംബാപ്പെ ഇന്റർനാഷണൽ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിനൊപ്പം ചേരുക.

അതേസമയം എംബാപ്പെ ട്രാൻസ്‌ഫറിലൂടെ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസിന്റെ പദ്ധതികൾ ഒരിക്കൽ കൂടി വിജയം കണ്ടിരിക്കയാണ്. 2019ൽ ഫെർലാൻഡ് മെൻഡിയെ ടീമിലെത്തിച്ചതിനു ശേഷം ഒരു സൈനിങ്‌ പോലും നടത്താതിരുന്ന റയൽ മാഡ്രിഡ് എംബാപ്പക്കു വേണ്ടി തന്നെയാണ് കാത്തിരുന്നത്. 300 മില്യൺ യൂറോയോളം മൂല്യം വരുന്ന ഫ്രഞ്ച് താരത്തിന്റെ കരാർ അവസാനിക്കുന്ന അവസാന നാളുകൾക്കായി അവർ കാത്തിരിക്കുകയും ചെയ്‌തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit