Football in Malayalam

അൽവാരോ മൊറാട്ടയെ ടീമിലെത്തിക്കാനുള്ള ബാഴ്‌സയുടെ മോഹം നടക്കാൻ പിഎസ്‌ജി കൂടി വിചാരിക്കണം

Sreejith N
Alvaro Morata of Juventus Fc  looks on during the Serie A...
Alvaro Morata of Juventus Fc looks on during the Serie A... / Marco Canoniero/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതാനും പുതിയ താരങ്ങളെ ടീമിലെത്തിച്ച് ഈ സീസണിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. അതിന്റെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ അവർ പൂർത്തിയാക്കുകയും ചെയ്‌തു. ഇനി സാവിയുടെ പ്രധാന ലക്‌ഷ്യം യുവന്റസിൽ ലോണിൽ കളിക്കുന്നഅത്ലറ്റികോ മാഡ്രിഡ് താരമായ അൽവാരോ മൊറാട്ടയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ മൊറാട്ടയെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾ ഫലം കാണണമെങ്കിൽ പിഎസ്‌ജി കൂടി വിചാരിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പറയുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അർജന്റീനിയൻ താരത്തെ ടീമിലെത്തിക്കാൻ യുവന്റസിനു കഴിഞ്ഞാൽ മാത്രമേ അവർ അൽവാരോ മൊറാട്ടയെ ബാഴ്‌സലോണക്ക് വിട്ടു നൽകുന്നത് പരിഗണിക്കുകയുള്ളൂ.

മൊറാട്ടയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞാൽ റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ മൂന്നു ക്ലബുകൾക്കും വേണ്ടി ബൂട്ടു കെട്ടിയ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം കളിക്കാരനായി സ്‌പാനിഷ്‌ താരം മാറും. ബെർണാഡ് ഷൂസ്റ്റർ, മിക്വൽ സോളർ എന്നീ താരങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ മൂന്നു ക്ലബുകൾക്കും വേണ്ടി കളിച്ചിട്ടുള്ളത്. ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം മൊറാട്ട യുവന്റസിനെ അറിയിച്ചിട്ടുമുണ്ട്.

എന്നാൽ ബാഴ്‌സയുടെ മോഹങ്ങളിൽ പ്രതിസന്ധി സൃഷ്‌ടിക്കുക ഇകാർഡിയുമായി ബന്ധപ്പെട്ട് പിഎസ്‌ജി എടുക്കുന്ന നിലപാടുകൾ ആയിരിക്കും. നിലവിൽ പിഎസ്‌ജിയിൽ അവസരങ്ങൾ കുറവാണെങ്കിലും ഈ സീസണു ശേഷം എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇകാർഡിയെ വിട്ടുകൊടുക്കാൻ പിഎസ്‌ജി പൂർണമായ മനസോടെ തയ്യാറാകാൻ സാധ്യതയില്ല. എന്നാൽ ലോൺ കരാറിലെങ്കിലും അർജന്റീന താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്ന യുവന്റസിന്റെ പ്രതീക്ഷ ബാഴ്‌സലോണക്കും ആശ്വാസമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit