റെനറ്റോ സാഞ്ചസിനെയും മിലാൻ സ്ക്രിനിയറെയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി പിഎസ്ജി

Exclusive - ലില്ലെയുടെ പോർച്ചുഗീസ് താരം റെനറ്റോ സാഞ്ചസിനെയും ഇന്റർ മിലാന്റെ സ്ലോവാക്യൻ പ്രതിരോധനിര താരം മിലാൻ സ്ക്രിനിയറെയും സ്വന്തമാക്കാനുള്ള നീക്കങ്ങൾ പിഎസ്ജിയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസ് കൂടുതൽ ശക്തമാക്കിയതായി 90min മനസിലാക്കുന്നു.
ലില്ലെക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഞ്ചസിനെ സ്വന്തമാക്കാൻ നിലവിലെ സീരി എ ജേതാക്കളായ എസി മിലാൻ രംഗത്തുണ്ടെങ്കിലും, ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല. ഈ അവസരം മുതലെടുത്ത് താരത്തെ പിഎസ്ജിയിലെത്തിക്കാനാണ് കാംപോസ് താത്പര്യപ്പെടുന്നത്. കാംപോസ് ലില്ലെയുടെ സ്പോർട്ടിങ് ഡയറക്ടർ ആയിരുന്നപ്പോൾ ലില്ലെ സ്വന്തമാക്കിയ താരമാണ് സാഞ്ചസ്. 2020/21 സീസണിൽ ലീഗ് 1 കിരീടം സ്വന്തമാക്കിയ ലില്ലെ ടീമിലെ നിർണായകസാന്നിധ്യമായിരുന്നു സാഞ്ചസ്.
അതേ സമയം, ഇന്റർ താരം സ്ക്രിനിയറെ സ്വന്തമാക്കാൻ പിഎസ്ജി ബിഡ് സമർപ്പിച്ചതായും, താരത്തെ ടീമിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും 90min മനസിലാക്കുന്നു. 27കാരനായ സ്ക്രിനിയർ ഇന്റർ നിരയിലെ സ്ഥിരസാന്നിധ്യമാണ്. 2017ൽ ഇന്ററിലേക്ക് ചേക്കേറിയതിന് ശേഷം താരം 215 മത്സരങ്ങളിൽ ക്ലബിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
പുതിയ സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ നിയമിക്കാനും ഒരുങ്ങുകയാണ് പിഎസ്ജി. ക്ലബിന്റെ അടുത്ത പരിശീലകനായി നിലവിലെ നീസ് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ എത്താനാണ് സാധ്യത.