Transfers

മെസിയും റൊണാൾഡോയും ഒരുമിക്കുമോ, നിർണായക പ്രതികരണവുമായി പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടർ

Sreejith N
TOPSHOT-FBL-EUR-C1-BARCELONA-JUVENTUS
TOPSHOT-FBL-EUR-C1-BARCELONA-JUVENTUS / JOSEP LAGO/Getty Images
facebooktwitterreddit

ബാഴ്‌സലോണ നായകൻ ലയണൽ മെസി, യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. നിലവിൽ ഒരു താരവുമായും പിഎസ്‌ജി ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നു ലിയനാർഡോ വ്യക്തമാക്കിയെങ്കിലും ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളായ ഇരുവരിലും പിഎസ്‌ജിക്കുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു. മികച്ച താരങ്ങളെ പിഎസ്‌ജിയുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉയരുന്നതിലുള്ള സന്തോഷവും അദ്ദേഹം വെളിപ്പെടുത്തി.

"നിലവിലുള്ള താരങ്ങളുമായുള്ള കരാർ പുതുക്കുകയെന്നതിലുപരിയായി ഭാവിയെക്കുറിച്ച് യാതൊരു പദ്ധതിയും തന്നെയില്ല. ഒന്നിലും കരാറുണ്ടാക്കാനോ പദ്ധതികൾ തയ്യാറാക്കാനോ ആരംഭിച്ചിട്ടില്ല. ഈ സീസണിലെ സാമ്പത്തികഫലങ്ങൾ എങ്ങനെയായിരിക്കുമെന്ന് വിശകലനം ചെയ്യാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. താൽപര്യമുണ്ടെങ്കിലും മെസിയുമായി ബന്ധപ്പെട്ട് ഒരു നീക്കവും ഇതുവരെയും നടത്തിയിട്ടില്ല." ആർഎംസി സ്പോർട്ടിനോട് ലിയനാർഡോ പറഞ്ഞു.

റൊണാൾഡോയിൽ പിഎസ്‌ജിക്കുള്ള താല്പര്യത്തെക്കുറിച്ച് ലിയനാർഡോയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ട്രാൻസ്‌ഫർ ജാലകം വളരെ ചലനാത്മകമാണെന്നതും എല്ലാ താരങ്ങളെയും പിഎസ്‌ജിയുമായി ബന്ധപ്പെടുത്തുന്നുണ്ടെന്നതും സന്തോഷകരമായ കാര്യമാണ്. കൂടുതൽ ആഗ്രഹിക്കുന്ന പിഎസ്‌ജിയുമായി എല്ലാ കളിക്കാരും ബന്ധപ്പെട്ടു കിടാക്കുന്നുവെന്നത് വിലമതിക്കേണ്ട കാര്യമാണ്."

"മികച്ച കളിക്കാരുമായി ചർച്ചകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഒരു പുതിയ കളിക്കാരനെയും ടീമിലെത്തിക്കാനുള്ള നീക്കങ്ങളോ, ചർച്ചകളോ ഞങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല." ലിയനാർഡോ വ്യക്തമാക്കി.

ഈ സീസണോടെ ബാഴ്‌സലോണയുമായി കരാര് അവസാനിക്കുന്ന മെസി ക്ലബ് വിടുകയാണെങ്കിൽ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത പിഎസ്‌ജിക്ക് തന്നെയാണ്. അതുപോലെ ഈ സീസണ് ശേഷം യുവന്റസ് വിടാനൊരുങ്ങുന്ന റൊണാൾഡോയെയും പിഎസ്‌ജി സ്വന്തമാക്കിയാൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങൾ ആദ്യമായി ഒരുമിക്കുന്നതിനാവും അത് വഴിയൊരുക്കുക.

facebooktwitterreddit