സെർജിയോ റാമോസിനെ സ്വന്തമാക്കിയതിൽ തെറ്റു സംഭവിച്ചുവെന്ന് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ


റയൽ മാഡ്രിഡ് നായകനായിരുന്ന സെർജിയോ റാമോസിനെ സ്വന്തമാക്കിയതിൽ തെറ്റു പറ്റിപ്പോയെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ. മുപ്പത്തിയഞ്ചുകാരനായ താരത്തിന് പരിക്കു മൂലം സീസണിൽ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് മുൻനിർത്തിയാണ് ലിയനാർഡോ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
പതിനാറു വർഷം റയൽ മാഡ്രിഡിൽ കളിച്ച സെർജിയോ റാമോസ് ഫ്രീ ഏജന്റായാണ് സമ്മർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയത്. ആ സമയത്തു തന്നെ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടു വർഷത്തെ കോണ്ട്രാക്റ്റ് പിഎസ്ജി താരത്തിന് നൽകിയിരുന്നു. എന്നാൽ പരിക്കുകൾ തുടർന്നപ്പോൾ ഈ സീസണിലാകെ അഞ്ചു മത്സരത്തിൽ മാത്രമാണ് താരത്തിന് ഇറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ.
Leonardo has admitted that signing Sergio Ramos was a mistake for PSG! ?
— DR Sports (@drsportsmedia) March 3, 2022
He's played just 283 minutes of football this season. ⚽️#Leonardo #Ramos #PSG pic.twitter.com/UYpofVa0fV
"ഞങ്ങൾ സ്വന്തമാക്കിയപ്പോൾ ശാരീരികപരമായി താരം നല്ല അവസ്ഥയിലായിരുന്നു. എന്നാലിതു വരെ അഞ്ചു മത്സരങ്ങൾ മാത്രമേ റാമോസിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ഈ ക്ലബിലെത്തിയതിനു ശേഷമുള്ള കാര്യങ്ങൾ ഞങ്ങൾ കരുതിയതു പോലെയല്ല ദൗർഭാഗ്യവശാൽ സംഭവിച്ചത്. അതു താരത്തിനും എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്." ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ ലിയനാർഡോ പറഞ്ഞു.
"കളിക്കാൻ കഴിയുന്നില്ലെന്നത് ഒരു ലീഡറാകുന്നതിൽ നിന്നും താരത്തെ തടയുന്നു. അനുമാനങ്ങളിൽ എത്തുന്നതിനു മുൻപ് ഞങ്ങൾ കുറച്ചുകൂടി കാത്തിരിക്കണം. ഈ സീസൺഅവസാനിച്ചു എന്നു പറയാനായിട്ടില്ല. ഞാൻ വരുത്തുന്ന തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്ക് മടിയില്ല. നാസർ എനിക്ക് പൂർണമായും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതെനിക്ക് മുഴുവൻ അധികാരവും നൽകുന്നു എന്നതിൽ ക്ലബിനു നന്ദി അറിയിക്കുന്നു." ലിയനാർഡോ വ്യക്തമാക്കി.
നാല് ലീഗ് മത്സരങ്ങൾ ഉൾപ്പെടെ അഞ്ചു കളികൾ ഈ സീസണിൽ പിഎസ്ജിക്കായി കളിച്ച റാമോസ് അതിൽ രണ്ടെണ്ണത്തിലാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. പിഎസ്ജിക്കു വേണ്ടി ഒരു ഗോൾ നേടാൻ കഴിഞ്ഞെങ്കിലും പരിക്കുകളുടെ തുടർക്കഥ പിഎസ്ജിക്കും ലോകകപ്പ് അടുത്തിരിക്കെ സ്പാനിഷ് ദേശീയ ടീമിനും തിരിച്ചടി തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.