ചെൽസി ലക്ഷ്യമിടുന്ന പ്രെസ്നൽ കിംപെമ്പെക്ക് വിലയിട്ട് പി.എസ്.ജി

ഫ്രഞ്ച് പ്രതിരോധ താരം പ്രസ്നല്‍ കിംപെമ്പെക്ക് പിഎസ്ജി 50 മില്യൺ യൂറോ വിലയിട്ടതായി റിപ്പോര്‍ട്ട്. പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് താത്പര്യമുള്ള താരമാണ് കിംപെമ്പെ. താരത്തിനായി ചെൽസി തിങ്കളാഴ്ച പിഎസ്ജിയെ സമീപിച്ചിരുന്നതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കിംപെമ്പെക്ക് പിഎസ്ജി ഇട്ട വിലയും, താരത്തെ സ്വന്തമാക്കാനായി ചെൽസി മുടക്കാൻ തയ്യാറായ തുകയും തമ്മിൽ 20 മില്യൺ യൂറോ വരെ വ്യത്യാസമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫ്രഞ്ച് ദേശീയ ടീമിനായി 28 മത്സരം കളിച്ച കിംപെമ്പെയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ കരുത്തന്മാരായ യുവന്റസും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ യുവന്റസിനെക്കാളും ചെല്‍സിയില്‍ കളിക്കാനാണ് കിംപെമ്പെക്ക് താല്പര്യമെന്ന് ഫൂട്ട് മെര്‍ക്കാറ്റോ റിപ്പോർട്ട് ചെയ്യുന്നു. ചെല്‍സി പരിശീലകന് തോമസ് ടുഷേൽ പിഎസ്ജിയിലായിരുന്നപ്പോൾ അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുള്ള താരമാണ് കിംപെമ്പെ.
ആന്ദ്രിയാസ് ക്രിസ്റ്റന്‍സൺ, അന്റോണിയോ റൂഡിഗര്‍ എന്നിവര്‍ ടീം വിട്ടതും സെസാർ അസ്പിലിക്യേറ്റയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാലുമാണ് പ്രതിരോധത്തിലേക്ക് താരങ്ങളെ എത്തിക്കാന്‍ ചെല്‍സി നിര്‍ബന്ധിതരായിരിക്കുന്നത്.
ഒന്‍പതാം വയസില്‍ പി.എസ്.ജിയിലെത്തിയ കിംപെമ്പെ താരത്തിന്റെ കരിയര്‍ മുഴുവനും പി.എസ്.ജിക്കൊപ്പമാണ് ചിലവഴിച്ചിരിക്കുന്നത്. ഫ്രഞ്ച് ചാംപ്യന്മാര്ക്കൊപ്പം 221 മത്സരങ്ങൾ കളിച്ച താരത്തെയാണ് ഇപ്പോള്‍ ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്.
പ്രതിരോധത്തിന് ശക്തികൂട്ടാന്‍ വേണ്ടി നാപോളിയുടെ സെനഗല്‍ താരമായ കലിഡോ കൂലിബലിയെ സ്വന്തമാക്കാൻ ചെൽസി ധാരണയിലെത്തിയിട്ടുണ്ട്. അതേ സമയം, മുന്നേറ്റ നിരയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റിയിൽ നിന്ന് റഹീം സ്റ്റെര്‍ലിങ്ങിനെ ചെൽസി സ്വന്തമാക്കിയിട്ടുണ്ട്.