സെർജിയോ റാമോസിനെ പി എസ് ജി ടീമിലെത്തിച്ചത് തന്നെ വിഷമിപ്പിച്ചു, തുറന്ന് പറഞ്ഞ് തിയാഗോ സിൽവ

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസിനെ ടീമിലെത്തിക്കാനുള്ള പിഎസ്ജിയുടെ തീരുമാനം തന്നെ വളരെയധികം വിഷമിപ്പിച്ചതായി ബ്രസീലിയൻ പ്രതിരോധ താരം തിയാഗോ സിൽവ. റാമോസിനോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ സിൽവ, എന്നാൽ പിഎസ്ജി റിലീസ് ചെയ്യുന്ന സമയത്ത് തനിക്കുണ്ടായിരുന്ന അതേ പ്രായത്തിലാണ് ഇപ്പോൾ റാമോസിന് അവർ രണ്ട് വർഷ കരാർ നൽകിയിരിക്കുന്നതെന്നും അതാണ് തന്നെ വിഷമിപ്പിച്ചതെന്നുമാണ് പറയുന്നത്. കഴിഞ്ഞ ദിവസം ഇഎസ്പിഎൻ ബ്രസീലിനോട് സംസാരിക്കുകയായിരുന്നു മുപ്പത്തിയാറുകാരനായ താരം.
"സെർജിയോ റാമോസിനോട് എനിക്ക് ഒരു വിരോധവുമില്ല, എന്നാൽ സെർജിയോക്ക് അവർ രണ്ട് വർഷ കരാർ വാഗ്ദാനം ചെയ്ത സമയത്തുള്ള അദ്ദേഹത്തിന്റെ പ്രായം, കഴിഞ്ഞ വർഷത്തെ എന്റെ അതേ പ്രായമായിരുന്നു. അതെന്നെ ശരിക്കും വിഷമിപ്പിച്ചു. ഞാൻ അക്കാര്യത്തെക്കുറിച്ച് ഇതു വരെ ആരോടും സംസാരിച്ചിട്ടില്ല, കാരണം അതെന്നെ അതീവ ദുഖിതനാക്കി, ക്ലബ്ബിന് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന തോന്നലും എനിക്ക് അനുഭവപ്പെട്ടു," സിൽവ പറഞ്ഞു.
"ഞാൻ പിഎസ്ജിക്കൊപ്പം ചിലവഴിച്ചത് എട്ട് ദിവസമോ, എട്ട് മാസങ്ങളോ അല്ല, മറിച്ച് ധാരാളം വിജയങ്ങളുള്ള 8 വർഷങ്ങളായിരുന്നു. പിഎസ്ജിയെ ഇന്ന് കാണുന്ന നിലയിലെത്തിച്ച വർഷങ്ങൾ."
The Chelsea defender has pulled no punches...https://t.co/rUpmOQ8yvH
— Mirror Football (@MirrorFootball) August 27, 2021
അതേ സമയം, പിഎസ്ജിയുടെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ സിൽവ 2012 മുതലുള്ള എട്ട് വർഷക്കാലമാണ് അവരുടെ സെന്റർ-ബാക്ക് സ്ഥാനത്ത് തിളങ്ങി നിന്നത്. ക്ലബ്ബിനൊപ്പം 7 തവണ ലീഗ് വൺ കിരീടം ഉയർത്തിയ താരം 5 തവണ ഫ്രഞ്ച് കപ്പും, 6 തവണ ഫ്രഞ്ച് ലീഗ് കപ്പും നേടി. എന്നാൽ ക്ലബ്ബ് ഫൈനലിലെത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിന് ശേഷം സിൽവയെ ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയിലേക്ക് ചേക്കേറിയ താരം അവർക്കൊപ്പമുള്ള ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.