പോച്ചട്ടിനോയെ ഒഴിവാക്കാൻ തയ്യാറെടുത്ത് പിഎസ്‌ജി, പകരക്കാരൻ ഫ്രഞ്ച് ലീഗിൽ നിന്നു തന്നെ

PSG Set To Meet With Pochettino To Part Ways
PSG Set To Meet With Pochettino To Part Ways / Eurasia Sport Images/GettyImages
facebooktwitterreddit

നിലവിലെ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയെ ക്ലബിൽ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളുമായി പിഎസ്‌ജി മുന്നോട്ട്. ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോക്കു പകരം ലൂയിസ് കാമ്പോസ് ചുമതല ഏറ്റെടുക്കുന്നതിനു പിന്നാലെയാണ് അർജന്റീനിയൻ പരിശീലകനും ക്ലബിൽ നിന്നും പുറത്തു പോകുന്നത്.

കിലിയൻ എംബാപ്പെ കരാർ പുതുക്കിയത് പിഎസ്‌ജിയിൽ നിരവധി മാറ്റങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകളെ ശരി വെക്കുന്നതാണ് പോച്ചട്ടിനോയെ ക്ലബ് പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ. എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം ഇതിനുള്ള ശ്രമങ്ങൾ നിലവിൽ പിഎസ്‌ജി ആരംഭിച്ചിട്ടില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനു വേണ്ടിയുള്ള കൂടിക്കാഴ്‌ച നടന്നേക്കും.

റിപ്പോർട്ടുകൾ പ്രകാരം പോച്ചട്ടിനോയുടെ പകരക്കാരനെ ഫ്രഞ്ച് ലീഗിൽ നിന്നും തന്നെയാണ് പിഎസ്‌ജി നോട്ടമിടുന്നത്. നിലവിൽ നീസിന്റെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറാണ് നിലവിൽ പിഎസ്‌ജിയുടെ പട്ടികയിൽ ഒന്നാമതുള്ളത്. കഴിഞ്ഞ സീസണിൽ ലില്ലെക്ക് ഫ്രഞ്ച് ലീഗ് കിരീടം നേടിക്കൊടുത്ത ഗാൾട്ടിയർ അതിനു ശേഷമാണ് നീസിലേക്ക് ചേക്കേറിയത്.

അതേസമയം പോച്ചട്ടിനോ ക്ലബ് വിടുന്നതിൽ പിഎസ്‌ജിക്ക് ചിലവുണ്ട്. 2023 വരെ കരാറുള്ള താരത്തിനായി പത്ത് മില്യൺ യൂറോ നഷ്‌ടപരിഹാരമായി പിഎസ്‌ജി നൽകേണ്ടി വരും. വരുന്ന ദിവസങ്ങളിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ആയിരിക്കും ഇതു സംബന്ധിച്ച് തീരുമാനമാവുക.

ടുഷെലിനു പകരക്കാരനായി കഴിഞ്ഞ സീസണിനിടെ ടീമിന്റെ ചുമതല ഏറ്റെടുത്ത പോച്ചട്ടിനോ ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പർകപ്പും നേടിയെങ്കിലും കഴിഞ്ഞ സീസണിൽ ലീഗ് നഷ്‌ടമായി. ഈ സീസണിൽ ലീഗ് നേടാൻ കഴിഞ്ഞെങ്കിലും സൂപ്പർതാരങ്ങൾ നിറഞ്ഞ ടീമിനെ കൃത്യമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.