പിഎസ്‌ജി മൗറീസിയോ പോച്ചട്ടിനോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കി

PSG Confirm Mauricio Pochettino Sacking
PSG Confirm Mauricio Pochettino Sacking / Eurasia Sport Images/GettyImages
facebooktwitterreddit

സ്ഥാനമേറ്റെടുത്ത് പതിനെട്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മൗറീസിയോ പോച്ചട്ടിനോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. അർജന്റീനിയൻ പരിശീലകൻ ക്ലബിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പിഎസ്‌ജി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പെ ക്ലബുമായി കരാർ പുതുക്കിയതിനു ശേഷം പിഎസ്‌ജിയിൽ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് പോച്ചട്ടിനോയും പുറത്തു പോകുന്നത്. ഇതിനു മുൻപ് സ്പോർട്ടിങ് ഡയറക്റ്ററായിരുന്ന ലിയനാർഡോയെ ഒഴിവാക്കി ലൂയിസ് കാംപോസിനെ പിഎസ്‌ജി നിയമിച്ചിരുന്നു.

2020-21 സീസണിനിടെ തോമസ് ടുഷെലിനു പകരക്കാരനായി പിഎസ്‌ജി പരിശീലകസ്ഥാനം ഏറ്റെടുത്ത പോച്ചട്ടിനോ ആ സീസണിൽ ഫ്രഞ്ച് കപ്പ് കിരീടം മാത്രമാണ് സ്വന്തമാക്കിയത്. ഈ സീസണിൽ വമ്പൻ താരനിര ഉണ്ടായിട്ടും പിഎസ്‌ജി ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് കപ്പിലും നേരത്തെ പുറത്തായതോടെയാണ് പോച്ചട്ടിനോക്കെതിരെ വിമർശനങ്ങൾ വർധിച്ചത്.

ക്ലബിൽ നിന്നും ഒഴിവാക്കപ്പെടുന്ന പോച്ചട്ടിനോക്കും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സ്റ്റാഫുകൾക്കുമായി പതിനഞ്ചു മില്യൺ യൂറോയാണ് പിഎസ്‌ജി നഷ്‌ടപരിഹാരം നൽകുന്നത്. മിഗ്വൽ ഡി അഗസ്റ്റിനോ, ജീസസ് പെരസ്, സെബാസ്റ്റ്യൻ പോച്ചട്ടിനോ, ടോണി ജിമിനെസ് എന്നിവരും പോച്ചട്ടിനോയുടെ കൂടെ ക്ലബിൽ നിന്നും പുറത്തു പോകും.

പോച്ചട്ടിനോക്ക് പകരക്കാരനെ പിഎസ്‌ജി നേരത്തെ തന്നെ കണ്ടു വെച്ചിട്ടുണ്ട്. പോച്ചട്ടിനോ സ്ഥാനമേറ്റെടുത്ത ആദ്യത്തെ സീസണിൽ ലില്ലെയുടെ പരിശീലകനായി ടീമിന് ഫ്രഞ്ച് ലീഗ് സമ്മാനിച്ച ക്രിസ്റ്റഫെ ഗാൾട്ടിയറാണ് ഇനി പിഎസ്‌ജിയെ നയിക്കുക. നീസിൽ നിന്നും പിഎസ്‌ജിയിൽ എത്തുന്ന അദ്ദേഹത്തിന്റെ നിയമനം ഉടനെ തന്നെ ക്ലബ് പ്രഖ്യാപിക്കുന്നുണ്ടാകും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.