Football in Malayalam

എംബാപ്പക്കു വേണ്ടിയുള്ള ഓഫറിനോട് പിഎസ്‌ജി പ്രതികരിച്ചതെങ്ങനെ, വെളിപ്പെടുത്തി റയൽ മാഡ്രിഡ് പ്രസിഡന്റ്

Sreejith N
FBL-FRA-LIGUE1-BREST-PSG
FBL-FRA-LIGUE1-BREST-PSG / LOIC VENANCE/Getty Images
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരം കെയ്‌ലിയൻ എംബാപ്പ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചു കൊണ്ടിരിക്കെ റയൽ മാഡ്രിഡ് നൽകിയ ആദ്യത്തെ ഓഫറിനോട് പിഎസ്‌ജിയുടെ പ്രതികരണം എങ്ങിനെയായിരുന്നു എന്നു വെളിപ്പെടുത്തി ഫ്ലോറന്റീനോ പെരസ്. ഒരു വർഷം മാത്രം ഫ്രഞ്ച് ക്ലബുമായി കരാർ ബാക്കി നിൽക്കുന്ന താരത്തിനായി 160 മില്യൺ യൂറോയുടെ ഓഫറാണ് റയൽ മാഡ്രിഡ് നൽകിയത്.

"റയൽ മാഡ്രിഡ് നൽകിയ ഓഫറിനോട് പിഎസ്‌ജി പ്രതികരണം അറിയിച്ചിരുന്നു, വളരെ പരുക്കനായാണ് അവരുടെ പ്രതികരണം ഉണ്ടായത്," ഫ്ലോറന്റീനോ പെരസ് വെളിപ്പെടുത്തിയതായി സ്‌പാനിഷ്‌ ഫുട്ബോൾ ജേർണലിസ്റ്റായ ജോസെ മാനുവൽ മൊറേനോ വെളിപ്പെടുത്തി. എന്നാൽ ഇക്കാര്യം റയൽ മാഡ്രിഡ് നിഷേധിച്ചുവെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

എന്തായാലും റയൽ മാഡ്രിഡ് മുന്നോട്ടു വെച്ച ഓഫർ പിഎസ്‌ജിക്ക് സ്വീകാര്യമല്ലെന്നാണ് യൂറോപ്പിലെ മാധ്യമങ്ങളെല്ലാം നിലവിൽ റിപ്പോർട്ടു ചെയ്യുന്നത്. ഏതാണ്ട് 220 മില്യൺ യൂറോയോളം താരത്തിനായി പിഎസ്‌ജി പ്രതീക്ഷിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റയലിന്റെ ഓഫർ തൃപ്‌തികരമല്ലെന്നതിന്റെ സൂചനകൾ കഴിഞ്ഞ ദിവസം പിഎസ്‌ജി ഡയറക്ടർ ലിയനാർഡോയും നൽകിയിരുന്നു. എംബാപ്പെ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും താരത്തെ പിടിച്ചു വെക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം പിഎസ്‌ജി ആവശ്യപ്പെടുന്നതു നൽകിയാൽ മാത്രമേ അതു സംഭവിക്കൂവെന്നും വ്യക്തമാക്കി.

ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എംബാപ്പെ പിഎസ്‌ജി വിടുകയാണെങ്കിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മാത്രമാണ് രംഗത്തുള്ളത്. നേരത്തെ ലിവർപൂളിനു താരത്തിൽ താൽപര്യം ഉണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ ഒരു പ്രീമിയർ ലീഗ് ക്ലബും എംബാപ്പക്കു വേണ്ടി ശ്രമം നടത്തുന്നില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit