PSG

ലയണൽ മെസിയെ ഒഴിവാക്കുന്ന കാര്യവും പിഎസ്‌ജി പരിഗണിക്കുന്നു

Sreejith N
Paris Saint-Germain Reportedly Wants To Offload Lionel Messi
Paris Saint-Germain Reportedly Wants To Offload Lionel Messi / Tim Clayton - Corbis/GettyImages
facebooktwitterreddit

ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ പിഎസ്‌ജി വിടുമെന്ന റിപ്പോർട്ടുകൾ വളരെ ശക്തമായി ഉയരുന്ന സമയമാണിപ്പോൾ. ഈ സമ്മറിൽ ക്ലബിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണികളുടെ ഭാഗമായാണ് നെയ്‌മറെ പിഎസ്‌ജി ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്. എന്നാൽ നെയ്‌മറെ മാത്രമല്ല, ടീമിലെ മറ്റൊരു സൂപ്പർതാരമായ ലയണൽ മെസിയെയും ഒഴിവാക്കുന്ന കാര്യം പിഎസ്‌ജി പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്‌പാനിഷ്‌ ജേർണലിസ്റ്റായ പെഡ്രോ മൊറാട്ടയുടെ റിപ്പോർട്ടുകൾ പ്രകാരം ലൂയിസ് കാമ്പോസ്, ആന്റേരോ ഹെൻറിക്വ എന്നിവർ അടങ്ങുന്ന പിഎസ്‌ജിയുടെ പുതിയ സ്പോർട്ടിങ് മാനേജ്‌മെന്റ് ടീം ക്ലബ്ബിൽ വലിയ മാറ്റങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ടീമിൽ നിരവധി വമ്പൻ താരങ്ങളുടെ സാന്നിധ്യമുള്ളത് ഒഴിവാക്കി പുതിയ കളിക്കാരെ ടീമിലെത്തിച്ച് എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കഴിയുന്ന ഒരു സംഘമാക്കി അവരെ മാറ്റാനാണ് പദ്ധതി.

അതേസമയം ഈ രണ്ടു താരങ്ങളെയും ഒഴിവാക്കാൻ പിഎസ്‌ജിക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും പെഡ്രോ മൊറാട്ട പറയുന്നു. ഈ താരങ്ങളുടെ കരാർ തന്നെയാണ് അതിൽ പ്രധാന പ്രശ്‌നം. മെസി, നെയ്‌മർ എന്നിവർ പിഎസ്‌ജിയിൽ വാങ്ങുന്ന ശമ്പളം മറ്റു ക്ലബുകൾക്ക് നൽകാൻ പ്രയാസമാണ്. അതിനാൽ തന്നെ അവർക്കു വേണ്ടി ടീമുകളൊന്നും രംഗത്തില്ല. പക്ഷെ രണ്ടു താരങ്ങൾക്കും ക്ലബ് വിടാൻ ആഗ്രഹമുണ്ടെന്നും മൊറാട്ട പറയുന്നു.

കഴിഞ്ഞ സമ്മറിൽ മെസി കൂടിയെത്തിയതോടെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സംഘമായി പിഎസ്‌ജി മാറുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണ് അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. അതിനു പുറമെ സൂപ്പർതാരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ പരിശീലകനു കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ക്ലബ് സൂപ്പർതാരങ്ങളെ വിൽക്കുന്ന കാര്യം പരിഗണിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit