Football in Malayalam

എംബാപ്പയെ നിലനിർത്തുന്നത് പരിഗണന, പിഎസ്‌ജി നെയ്‌മറെ ഒഴിവാക്കിയേക്കും

Sreejith N
PSG's superstar trio
PSG's superstar trio / John Berry/GettyImages
facebooktwitterreddit

യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും പ്രതിഭയുള്ള താരങ്ങൾ അടങ്ങിയ പിഎസ്‌ജി മുന്നേറ്റനിരയിൽ നിന്നും അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്രസീലിയൻ താരം നെയ്‌മർ പുറത്തു പോകാൻ സാധ്യത. എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മറെ വിൽക്കുന്ന കാര്യം പിഎസ്‌ജിയുടെ പരിഗണനയിലുണ്ട്.

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിര ആണെങ്കിലും ഈ മൂന്നു താരങ്ങളെയും ഒരുമിച്ചു നിലനിർത്താൻ പിഎസ്‌ജിക്ക് ബുദ്ധിമുട്ടാണെന്നും നെയ്‌മറെ അവർ ബാഴ്‌സലോണക്ക് ഓഫർ ചെയ്‌തുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തങ്ങളുടെ മുൻ താരത്തെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ഇതുവരെയും താൽപര്യം കാണിച്ചിട്ടില്ല.

കളിക്കളത്തില് പുറത്തുള്ള നെയ്‌മറുടെ മനോഭാവത്തിൽ പിഎസ്‌ജിക്ക് വളരെയധികം അതൃപ്‌തിയുണ്ടെന്നു പറയുന്ന റിപ്പോർട്ടിൽ ഈ സീസണിൽ താരത്തിന്റെ മോശം ഫോമും പരാമർശിക്കുന്നു. മെസിയെത്തിയതോടെ നെയ്‌മർ കൂടുതൽ മികവു കാണിക്കുമെന്ന് പലരും വിശ്വസിച്ചെങ്കിലും ബ്രസീലിയൻ താരം ഈ സീസണിൽ തന്റെ പ്രതിഭയുടെ ഒരംശം പോലും കാണിച്ചിട്ടില്ല.

എംബാപ്പയെ നിലനിർത്താനാണ് പിഎസ്‌ജിക്ക് കൂടുതൽ താൽപര്യം എന്നതും നെയ്‌മറെ ഒഴിവാക്കാനുള്ള സാധ്യതകൾ ശക്തമാക്കിയിട്ടുണ്ട്. തനിക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറണം എന്നു ഫ്രഞ്ച് താരം വ്യക്തമാക്കിയെങ്കിലും മികച്ച ഓഫറുകൾ നൽകി താരത്തെ തങ്ങൾക്കൊപ്പം നിലനിർത്താനുള്ള വഴികളാണ് പിഎസ്‌ജി നോക്കിക്കൊണ്ടിരിക്കുന്നത്.

നെയ്‌മറെ വാങ്ങാൻ യൂറോപ്പിലെ എല്ലാ ക്ലബുകൾക്കും കഴിയില്ല എന്നിരിക്കെ ഈ ട്രാൻസ്‌ഫർ അഭ്യൂഹം എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. തന്റെ അടുത്ത സുഹൃത്തായ നെയ്‌മറെ ഒഴിവാക്കിയാൽ അത് മെസിയെയും ബാധിക്കാനിടയുണ്ട്.

facebooktwitterreddit