Football in Malayalam

ഈഫൽ ടവർ ബുക്ക് ചെയ്‌ത്‌ പിഎസ്‌ജി, ലക്ഷ്യം മെസി ട്രാൻസ്‌ഫറിന്റെ ഔദ്യോഗിക പ്രഖ്യാപനം?

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ ശക്തമായികൊണ്ടിരിക്കെ ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവർ പിഎസ്‌ജി ബുക്ക് ചെയ്‌തതായി റിപ്പോർട്ടുകൾ. മെസിയുടെ സൈനിങ്‌ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ് ഓഗസ്റ്റ് പത്തിന് ഈഫൽ ടവർ ബുക്ക് ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2017ൽ നെയ്‌മറിനെ ലോകറെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയപ്പോൾ പിഎസ്‌ജി ഈഫൽ ടവർ ബുക്ക് ചെയ്‌താണ് സൈനിങ്‌ പ്രഖ്യാപിച്ചത്. ഈഫൽ ടവറിൽ മനോഹരമായ ലൈറ്റിങ് നടത്തി നെയ്‌മർക്കു സ്വാഗതമെന്ന വാക്കുകൾ എഴുതി കാണിച്ചാണ് ബ്രസീലിയൻ താരം ഫ്രാൻസിലേക്ക് ചേക്കേറുന്നത് പിഎസ്‌ജി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

ഇഎസ്‌പിഎൻ ജേർണലിസ്റ്റായ ഡീഗോ മോൺറോയ്‌ജിന്റെ റിപ്പോർട്ടുകൾ പ്രകാരം സമാനമായ നീക്കത്തിനു തന്നെയാണ് പിഎസ്‌ജി ഇപ്പോഴും തയ്യാറെടുക്കുന്നത്. മെസിയുടെ സൈനിങ്‌ പ്രഖ്യാപിക്കാൻ വേണ്ടി ഈഫൽ ടവർ ബുക്ക് ചെയ്യാൻ മൂന്നു ലക്ഷം യൂറോയോളമാണ് പിഎസ്‌ജി മുടക്കിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മെസിയുടെ സൈനിങിന് പിഎസ്‌ജി ധാരണയിൽ എത്തിയെന്ന് കഴിഞ്ഞ ദിവസം ക്ലബ് ഉടമയായ ഖത്തർ അമീറിന്റെ അർധസഹോദരൻ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതു പിഎസ്‌ജി നിരാകരിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്നു മെസിയുടെ പത്രസമ്മേളനം നടക്കാനിരിക്കെ ഇതിൽ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit