മെസ്സിയുടെ വരവോടെ പി.എസ്.ജിയുടെ വരുമാനത്തിൽ വൻ കുതിപ്പ്

Montpellier HSC v Paris Saint-Germain - Ligue 1
Montpellier HSC v Paris Saint-Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയുടെ വരവോടെ പി.എസ്.ജിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നേടാനായില്ലെങ്കിലും ക്ലബിന്റെ സാമ്പത്തിക നിയലില്‍ വലിയ പുരോഗതിയാണ് നേടാനായത്. ചാംപ്യന്‍സ് ലീഗിലന്റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയമേറ്റ് പുറത്തായ പി.എസ്.ജി ഈ സീസണില്‍ വിവിധ പരസ്യം, ജഴ്‌സി വില്‍പന തുടങ്ങിയ ഇനങ്ങളില്‍ നിന്നായി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയിരിക്കുന്നത്.

മെസ്സിയുടെ വരവിന് ശേഷം പി.എസ്.ജി 700 മില്യന്‍ യൂറോയുടെ വരുമാനം നെടിയെന്ന് ലെക്യുപെ റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ ഖത്തര്‍ സ്‌പോട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വരുമാനം ക്ലബിന് ലഭിക്കുന്നത്.

മെസ്സിയുമായി കരാറിലെത്തിയതിന് ശേഷം സ്‌പോണ്‍സര്‍ഷിപ്പില്‍ 13 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതിലൂടെ അധികമായി 10 മില്യന്‍ യൂറോ ക്ലബിന് ലഭിക്കും. പരസ്യ ഇനത്തില്‍ നിന്ന് 300 മില്യന്‍ യൂറോ പി.എസ്.ജിയുടെ അക്കൗണ്ടിലെത്തും. ഇത് ക്ലബിന്റെ എക്കാലത്തേയും റെക്കോര്‍ഡാണ്. ജഴ്‌സി വില്‍പനയിലൂടെയും മെസ്സിയുടെ വരവിന് ശേഷം റെക്കോര്‍ഡ് നേട്ടമാണ് ഫ്രഞ്ച് ക്ലബ് സ്വന്താമക്കിയിരിക്കുന്നത്.

ഒരു മില്യന്‍ ജഴ്‌സികളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. വിറ്റതില്‍ 60 ശതമാനവും മെസ്സിയുടെ ജഴ്‌സിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാത്രമാണ് സീസണില്‍ പി.എസ്.ജിയെക്കാള്‍ ജഴ്‌സി വില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളു. ടിക്കറ്റ് വില്‍പനയിലും പി.എസ്.ജി കാര്യമായ സാമ്പത്തിക നേട്ടം സ്വന്താക്കിയിട്ടുണ്ട്. പക്ഷെ ടെലിവിഷന്‍ വരുമാനത്തില്‍ കാര്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ട് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ ടെലിവിഷന്‍ ഇനത്തില്‍ 200 മില്യന്‍ യൂറോ സ്വന്തമാക്കിയപ്പോള്‍ ഈ സീസണില്‍ അതിന്റെ പകുതി മാത്രമാണ് ഫ്രഞ്ച് കരുത്തന്‍മാരുടെ സാമ്പത്തിക നേട്ടം.