റയൽ മാഡ്രിഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം തനിക്കും മെസ്സിക്കും റാമോസിനും സ്പെഷ്യൽ ആണെന്ന് നെയ്‌മർ

സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടക്കുന്ന റയൽ മാഡ്രിഡിന് എതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരം തനിക്കും ലയണൽ മെസ്സിക്കും സെർജിയോ റാമോസിനും സ്പെഷ്യൽ ആണെന്ന് പിഎസ്‌ജി സൂപ്പർതാരം നെയ്‌മർ. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെയ്‌മർ.
മുൻപ് ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടണിഞ്ഞത് കൊണ്ട് മെസ്സിക്കും തനിക്കും റയലിന് എതിരെയുള്ള മത്സരം സ്പെഷ്യൽ ആണെന്ന് വ്യക്തമാക്കിയ നെയ്‌മർ, സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ റാമോസിനും അങ്ങനെ തന്നെയാണെന്നും പറഞ്ഞു.
"ബാഴ്‌സലോണയിലെ ഞങ്ങളുടെ സമയം മൂലം മെസ്സിക്കും എനിക്കും ഇത് ഒരു സ്പെഷ്യൽ ഗെയിമാണ്. സെർജിയോക്കും [റാമോസ്] ഇത് സ്പെഷ്യൽ ആയിരിക്കും," നെയ്‌മർ പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു. "ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ കളിക്കുന്നത് എല്ലാവർക്കും സ്പെഷ്യൽ ആണ്," താരം കൂട്ടിച്ചേർത്തു.
നേരത്തെ, ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയ പിഎസ്‌ജിക്കാണ് റയൽ മാഡ്രിഡിന് മേൽ മുൻതൂക്കമുള്ളത്. ആദ്യ പാദത്തിൽ പകരക്കാരനായി കളത്തിലിറങ്ങി എംബാപ്പെയുടെ ഗോളിന് അസിസ്റ്റ് നൽകിയ നെയ്‌മർ, രണ്ടാം പാദത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.