ചാമ്പ്യൻസ് ലീഗ് തോൽ‌വിയിൽ നിയന്ത്രണം വിട്ട് പിഎസ്‌ജി പ്രസിഡന്റ്, റഫറി റൂമിലെത്തി ഉപകരണങ്ങൾ തകർത്തു

Sreejith N
PSG President Storms Referee Room And Breaks Equipment
PSG President Storms Referee Room And Breaks Equipment / STEPHANE DE SAKUTIN/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തോറ്റു ടൂർണമെന്റിൽ നിന്നും പുറത്തായതിൽ നിയന്ത്രണം വിട്ട് പിഎസ്‌ജി പ്രസിണ്ടന്റ് നാസർ അൽ ഖലൈഫി. മത്സരത്തിൽ റഫറി കൃത്യമായ തീരുമാനങ്ങൾ എടുക്കാത്തത് പിഎസ്‌ജിയുടെ തോൽവിക്കു കാരണമായതിൽ കുപിതനായ അദ്ദേഹം അതിനു ശേഷം റഫറി റൂമിലെത്തി തന്റെ രോഷം പ്രകടിപ്പിക്കുകയും അവിടുത്തെ ഉപകരണങ്ങൾ തകർത്തതായും റഫറിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ പിഎസ്‌ജി നേടിയ ഒരു ഗോളും ഇന്നലത്തെ മത്സരത്തിന്റെ ആദ്യപകുതിയിൽ നേടിയ ഒരു ഗോളും ഉൾപ്പെടെ രണ്ടു ഗോളുകളുടെ വ്യത്യാസം രണ്ടാം പകുതിയിൽ വെറും പതിനേഴു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് റയൽ മാഡ്രിഡ് മറികടന്നത്. അറുപത്തിയൊന്നാം മിനുട്ടിൽ ആദ്യത്തെ ഗോൾ നേടിയ കരിം ബെൻസിമ 76, 78 മിനിറ്റുകളിൽ കൂടി ഗോൾവല കുലുക്കി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുകയും റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുക്കുകയും ചെയ്യുകയായിരുന്നു.

മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യഗോളിലേക്കുള്ള ബിൽഡ് അപ്പിൽ ബെൻസിമ പന്തു തട്ടിയെടുക്കാൻ വേണ്ടി പിഎസ്‌ജി ഗോൾകീപ്പർ ഡൊണറുമ്മയെ ഫൗൾ ചെയ്‌തുവെന്ന വാദം മത്സരത്തിനിടയിലും അതിനു ശേഷവും ഉയർന്നിരുന്നു. മത്സരത്തിനു ശേഷം പിഎസ്‌ജി പരിശീലകൻ പോച്ചട്ടിനോ അതിൽ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. പ്രസ്‌തുത സംഭവത്തിലെ രോഷം തന്നെയാണ് പിഎസ്‌ജി പ്രസിഡന്റും പ്രകടിപ്പിച്ചത്.

"ആക്രമണത്വരയോടു കൂടി പെരുമാറുകയും റഫറിയുടെ ഡ്രസിങ് റൂമിലേക്ക് കടന്നു വരാൻ ശ്രമിക്കുകയും ചെയ്‌തു. റഫറി പുറത്തു പോകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റിനെ ഒരു ഉപകരണം എടുത്ത് അടിച്ചു പൊട്ടിക്കുകയും ചെയ്‌തു." മത്സരത്തിനു ശേഷമുള്ള റഫറിയുടെ റിപ്പോർട്ടിൽ പറയുന്നു.

പിഎസ്‌ജി പ്രസിഡന്റിന്റെ ഈ പ്രവൃത്തി റയൽ മാഡ്രിഡിന്റെ ഒരു സ്റ്റാഫ് റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അത് യുവേഫക്ക് അയച്ചാൽ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit