Football in Malayalam

ലോകത്തെ ഞെട്ടിക്കുന്ന വരുമാനമാണ് മെസി സൈനിങ്‌ നൽകുന്നതെന്ന് പിഎസ്‌ജി പ്രസിഡന്റ്

Sreejith N
Lionel Messi PSG jersey in a shop in Doha
Lionel Messi PSG jersey in a shop in Doha / Karim JAAFAR / AFP
facebooktwitterreddit

ലയണൽ മെസിയുടെ സൈനിങ്‌ വഴി പിഎസ്‌ജി ഇപ്പോൾ തന്നെ വലിയ വരുമാനം ഉണ്ടാക്കിയെന്ന സൂചനകൾ നൽകി ക്ലബിന്റെ പ്രസിഡന്റായ നാസർ അൽ ഖലൈഫി. അതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വിട്ടാൽ ലോകം തന്നെ ഞെട്ടുമെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ സൈനിങ്‌ ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ ബാധിക്കുമോയെന്ന ചോദ്യത്തിനു മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടിയിൽ രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 25 മില്യൺ യൂറോ താരത്തിന് സൈനിങ്‌ ഫീ ആയി നൽകുന്നതിന് പുറമെ സീസണിൽ 35 മില്യൺ പ്രതിഫലമായും ഫ്രഞ്ച് ക്ലബ് നൽകണം. നിലവിൽ തന്നെ നിരവധി സൂപ്പർ താരങ്ങളുള്ള ക്ലബിന്റെ വേതന പാക്കേജിനെ ഇത് ബാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിഎസ്‌ജി പ്രസിഡന്റ്.

"സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ച് പറയാനുള്ളത് ഞങ്ങൾക്ക് ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ അറിയാമെന്നും അതിനെ പിന്തുടരാൻ എല്ലായിപ്പോഴും ശ്രമിക്കുന്നുണ്ട് എന്നുമാണ്. എന്ത് ചെയ്യുന്നതിന് മുൻപും ഞങ്ങൾ വാണിജ്യ, സാമ്പത്തിക, നിയമ വിഭാഗവുമായി ചർച്ച ചെയ്യാറുണ്ട്. ലയണൽ മെസിയെ ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അതിനു ഞങ്ങൾക്ക് കഴിയും എന്നു തന്നെയാണ് അർത്ഥം. അല്ലെങ്കിൽ ഇതു നടക്കില്ലായിരുന്നു," അദ്ദേഹം പറഞ്ഞു.

മെസിയുടെ പിഎസ്‌ജി ഡീലുമായി ബന്ധപ്പെട്ട കൂടുതൽ കണക്കുകൾ അടുത്ത ദിവസങ്ങളിൽ പുറത്തു വിടുമെന്നും അതു ലോകത്തെ ഞെട്ടിക്കാൻ കഴിവുള്ളതാണെന്നും ഖലൈഫി പറഞ്ഞു. "മെസി ഈ ക്ലബിന് നൽകുന്നത് വളരെ വലുതാണ്. അത് പുറത്തു വരുമ്പോൾ ലോകത്തിനു ഞെട്ടലാവും. ക്ലബിന് വലിയൊരു നേട്ടമാണ് താരത്തിന്റെ സാന്നിധ്യം," അദ്ദേഹം പറഞ്ഞു.

"ഇക്കാരണം കൊണ്ട് മെസി പ്രതിഫലം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," തമാശരൂപേണ പിഎസ്‌ജി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്ത് സൃഷ്‌ടിച്ച തരംഗത്തിനു സമാനമായിരിക്കും മെസിയുടേതെന്നുമാണ് അനുമാനിക്കേണ്ടത്. റൊണാൾഡോ ഇറ്റലിയിലെത്തിയതിന്റെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 60 മില്യൺ യൂറോ മൂല്യത്തിനുള്ള ജേഴ്‌സികളാണ് വിറ്റു പോയത്. മെസിയുമായി ബന്ധപ്പെട്ട കണക്കുകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit