Football in Malayalam

മെസിക്കു വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കാതെ പിഎസ്‌ജി പ്രസിഡന്റ്, നെയ്‌മർ വിഷയത്തിൽ ബാഴ്‌സക്കെതിരെ വിമർശനം

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

മെസി ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പിടുന്നതിന് അരികിലാണെങ്കിലും താരത്തിലുള്ള താൽപര്യം ഉപേക്ഷിക്കാതെ പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫി. ഏതൊരു മികച്ച താരത്തിനും പിഎസ്‌ജിയിലേക്ക് ചേക്കേറാൻ ആഗ്രഹം ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം മെസിയെ പ്രശംസിക്കുകയും ചെയ്‌തു. പിഎസ്‌ജിയിൽ തൃപ്‌തനായ നെയ്‌മർ ബാഴ്‌സലോണ ട്രാൻസ്‌ഫർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"എല്ലാ മികച്ച താരങ്ങൾക്കും പിഎസ്‌ജിയിലേക്ക് ചേക്കേറാൻ ആഗ്രഹം ഉണ്ടായിരിക്കും. ഇപ്പോൾ തന്നെ നിരവധി മികച്ച താരങ്ങൾ ടീമിലുള്ളതു കൊണ്ട് എല്ലാവരെയും സ്വന്തമാക്കുക എളുപ്പമല്ല. എന്നാൽ മെസി മെസി തന്നെയാണ്, അസാധാരണ കഴിവുകളുള്ള താരം. മെസിയുടെ കരാർ അവസാനിക്കാൻ പോവുകയാണെന്നും ജനുവരി ഒന്നു മുതൽ ഏതൊരു ക്ലബിനും മെസിയെ സമീപിച്ച് സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്താമെന്നും ഞാൻ ലപോർട്ടയോട് പറഞ്ഞിരുന്നു," എൽ എക്വിപ്പെയോട് ഖലൈഫി പറഞ്ഞു.

അതേസമയം, നെയ്മർക്ക് ബാഴ്‌സയിലേക്ക് തിരിച്ചുപോകാൻ യാതൊരു ആഗ്രഹവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ബാഴ്‌സലോണ നെയ്മർക്ക് വേണ്ടി വളരെയധികം ശ്രമം നടത്തിയിരുന്നു. എന്നാൽ അതു ഞങ്ങൾ നിരസിച്ചു. ബാഴ്‌സക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് ഞാൻ കരുതുന്നതെങ്കിലും അതു ഞങ്ങളെ സംബന്ധിക്കുന്ന വിഷയമേയല്ല," അൽ ഖലൈഫി വ്യക്തമാക്കി.

Neymar Jr, Nasser Al-Khelaifi
നെയ്മർ പിഎസ്‌ജിയിൽ സംതൃപ്തനാണെന്നും അൽ-ഖലൈഫി പറഞ്ഞു / Jean Catuffe/Getty Images

"ബാഴ്‌സലോണക്ക് നെയ്മറെ ആവശ്യമാണെന്നത് ഒരു രഹസ്യമേയല്ല. എന്നാൽ നെയ്‌മർക്ക് തിരിച്ചു പോകാൻ താൽപര്യമില്ല. അദ്ദേഹം പിഎസ്‌ജിയുമായും പാരീസുമായും വളരെയധികം ഒത്തുചേർന്നിരിക്കുന്നു. നിങ്ങൾ വിളിച്ചു ചോദിച്ചാൽ നെയ്‌മർ പറയുക പിഎസ്‌ജിയിൽ സംതൃപ്തനാണെന്നു തന്നെയായിരിക്കും."

ഈ സമ്മറിൽ നെയ്‌മർ ബാഴ്‌സയിലേക്ക് എത്താനുള്ള സാധ്യതകൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും താരം പുതിയ കരാർ ഒപ്പിട്ടതോടെ അതിനു അവസാനമായി. അതേസമയം ജൂണിൽ കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസി ബാഴ്‌സയുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit