ആർ ബി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള പിഎസ്ജിയുടെ സാധ്യതാ ഇലവൻ അറിയാം

ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ തങ്ങളുടെ മൂന്നാം ഗ്രൂപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ഇന്ത്യൻ സമയം ഒക്ടോബർ 20ന് ഇന്ത്യൻ സമയം 12.30amന് നടക്കാനിരിക്കുന്ന മത്സരത്തിൽ ജർമൻ ക്ലബ്ബായ ആർ ബി ലെപ്സിഗിനെയാണ് പിഎസ്ജി നേരിടുക. ഗ്രൂപ്പ് എയിൽ നിലവിൽ നാല് പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പി എസ് ജി, ജർമൻ ക്ലബ്ബിനെതിരെയും ജയം നേടി തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്താൻ ഇറങ്ങുമ്പോൾ അക്കൗണ്ട് തുറക്കുകയാകും ലെപ്സിഗിന്റെ ലക്ഷ്യം.
സമീപകാല ഫോമിന്റെ അടിസ്ഥാനത്തിൽ ലെപ്സിഗിനെതിരായ പോരാട്ടം പിഎസ്ജിക്ക് കാര്യമായ വെല്ലുവിളിയാകില്ലെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ പരിക്കേറ്റ നെയ്മർ ജൂനിയറിന് ഈ മത്സരം നഷ്ടമാകുമെന്നത് അവർക്ക് തിരിച്ചടിയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടമെന്നത് മത്സരത്തിന് മുൻപ് തന്നെ പിഎസ്ജിക്ക് മുൻതൂക്കം നൽകുന്നുണ്ട്. മത്സരത്തിൽ പിഎസ്ജിയുടെ സാധ്യതാ ഇലവൻ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഇവിടെ 90Min.
1. ഗോൾകീപ്പർ & ഡിഫൻഡർമാർ
ജിയാൻല്യൂജി ഡോണരുമ്മ (ഗോൾകീപ്പർ) - യൂറോ 2020ലെ മികച്ച താരമെന്ന ഖ്യാതിയോടെ ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ ഡോണരുമ്മ ഫ്രഞ്ച് ക്ലബ്ബിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും പിഎസ്ജി വല കാത്ത ഈ ഇറ്റാലിയൻ ഗോൾകീപ്പർ തന്നെ ലെപ്സിഗിനെതിരെയും വലക്ക് മുന്നിലെത്താനാണ് സാധ്യത.
അഷ്റഫ് ഹക്കിമി (റൈറ്റ് ബാക്ക്) - നിലവിൽ ഫ്രഞ്ച് ക്ലബ്ബിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായി മാറിയ ഹക്കിമി തന്നെയാകും ലെപ്സിഗിനെതിരെയും ടീമിന്റെ റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുക.
മാർക്വീന്യോസ് (സെന്റർബാക്ക്) - കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും ഉജ്ജ്വല പ്രകടനങ്ങൾ കാഴ്ച വെക്കുന്ന താരമാണ് മാർക്വീന്യോസ്.
പ്രസ്നൽ കിംപെംബെ (സെന്റർ ബാക്ക്) - ഫ്രഞ്ച് താരമായ കിംപെംബെക്ക് ലെപ്സിഗിന്റെ മുന്നേറ്റങ്ങളെ തടഞ്ഞു നിർത്തുന്നതിൽ ടീമിൽ നിർണായക പങ്കുണ്ടാവും.
ന്യൂനോ മെൻഡസ് (ലെഫ്റ്റ് ബാക്ക്) - പോർച്ചുഗീസ് താരമായ ന്യൂനോ മെൻഡസ്, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മോശമല്ലാത്ത കളി കെട്ടഴിച്ചിരുന്നു. ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലും ഈ യുവ താരം തന്നെ പിഎസ്ജിയുടെ ഇടത് ബാക്ക് സ്ഥാനത്ത് കളിക്കാനെത്തുമെന്നാണ് കരുതപ്പെടുന്നത്.
2. മധ്യനിര താരങ്ങൾ
ഇഡ്രിസ ഗുയെയ (സെൻട്രൽ മിഡ്ഫീൽഡർ) - മധ്യനിരയിൽ വെച്ചു തന്നെ എതിർ മുന്നേറ്റങ്ങൾ നിഷ്പ്രഭമാക്കാൻ കഴിവുള്ള താരമാണ് ഇഡ്രിസ ഗുയേയ. ലെപ്സിഗിനെതിരെയും താരത്തിന്റെ ഈ മികവ് പിഎസ്ജിക്ക് നിർണായകമാകും.
മാർക്കോ വെറാട്ടി (സെൻട്രൽ മിഡ്ഫീൽഡർ) - മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലും പിഎസ്ജിയുടെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്ന വെറാട്ടി, നിലവിൽ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്. ലെപ്സിഗിനെതിരെയും സ്റ്റാർട്ടിംഗ് ഇലവനിൽ വെറാട്ടിയുണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ആൻഡർ ഹെരേര (സെൻട്രൽ മിഡ്ഫീൽഡർ) - ഗ്രൗണ്ടിൽ കഠിനാധ്വാനിയാണ് ആൻഡർ ഹെരേര. ഇത് തന്നെയാണ് ലെപ്സിഗിനെതിരെയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കാനുള്ള താരത്തിന്റെ യോഗ്യത.
3. മുന്നേറ്റനിര താരങ്ങൾ
ലയണൽ മെസി (സെന്റർ ഫോർവേഡ്) - പ്രത്യേകിച്ച് വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഫുട്ബോളർ. മെസി ഫോമിലാണെങ്കിൽ എതിരാളികൾ വിയർക്കുമെന്നുറപ്പ്.
കെയ്ലിൻ എംബാപ്പെ (ലെഫ്റ്റ് വിംഗ്) - ലെപ്സിഗിനെതിരെ പിഎസ്ജിയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ എംബാപ്പെയുടെ സ്ഥാനം ഉറപ്പാണ്. വിംഗുകളിലൂടെ കുതിച്ചു പായാൻ കഴിവുള്ള താരത്തിന്റെ വേഗത ലെപ്സിഗ് പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കും.
റാഫീഞ്ഞ (റൈറ്റ് വിംഗ്) - നെയ്മർ പരിക്കേറ്റ് പുറത്തായത് റാഫീഞ്ഞക്ക് മുന്നേറ്റത്തിൽ അവസരമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.