Football in Malayalam

മെസിയെത്തിക്കഴിഞ്ഞാൽ പി എസ് ജിയുടെ സാധ്യതാ ഇലവൻ ഇങ്ങനെ...

Gokul Manthara
Paris Saint-Germain v Borussia Dortmund - UEFA Champions League Round of 16: Second Leg
Paris Saint-Germain v Borussia Dortmund - UEFA Champions League Round of 16: Second Leg / UEFA - Handout/Getty Images
facebooktwitterreddit

ബാഴ്സലോണ വിടുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ പുതിയ തട്ടകം പാരീസ് സെന്റ് ജെർമ്മനായിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും കരാർ കാര്യത്തിൽ മെസിയും ക്ലബ്ബും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞതായി പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് ബാഴ്സലോണയിൽ നടത്തിയ പ്രസ് മീറ്റിൽ പിഎസ്‌ജിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന തരത്തിൽ മെസി സൂചനകളും നൽകിയതോടെ, താരത്തിന്റെ അടുത്ത തട്ടകം‌ ഫ്രഞ്ച് ക്ലബ്ബ് ആണെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു.

അതേ സമയം മെസി കൂടിയെത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ താരനിരയായി പിഎസ്‌ജി മാറുമെന്നതിൽ ഫുട്ബോൾ ലോകത്തിന് തെല്ലും സംശയമില്ല. എംബാപ്പെയേയും, നെയ്മറിനേയും, സെർജിയോ റാമോസിനേയും പോലുള്ള സൂപ്പർ താരങ്ങൾക്കിടയിലേക്ക് മെസിയെത്തുന്നതോടെ കടലാസിൽ പിഎസ്‌ജിയുടെ സ്ക്വാഡ് മറ്റേത് യൂറോപ്യൻ ക്ലബ്ബിനേക്കാളും മികച്ചതായി മാറുകയും ചെയ്യും. ഇവരെല്ലാം ഒരുമിച്ച് കളിക്കുന്ന പിഎസ്‌ജി ഇതോടെ ഏതൊരു എതിരാളികളുടേയും പേടിസ്വപ്നവുമാകും. മെസി കൂടിയെത്തുന്നതോടെ അടുത്ത‌ സീസണിൽ പിഎസ്‌ജിയുടെ സാധ്യതാ സ്റ്റാർട്ടിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കുകയാണ് 90Min.

ഈ സീസണിൽ എസി മിലാനിൽ നിന്ന് പി എസ് ജി റാഞ്ചിയ ഇത്തവണത്തെ യൂറോ കപ്പിലെ ഏറ്റവും മികച്ച‌ കളികാരനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ താരം ജിയാൻ ല്യൂജി ഡോണരുമ്മയായിരിക്കും അടുത്ത സീസണിൽ പി എസ് ജിയുടെ പ്രധാന ഗോൾകീപ്പർ. ഇടത് ബാക്ക് സ്ഥാനത്ത് സ്പെയിന്റെ ജുവാൻ ബാർനറ്റും, വലത് ബാക്ക് സ്ഥാനത്ത് മൊറോക്കൻ താരം അഷ്റഫ് ഹക്കിമിയും അണിനിരക്കും. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം സ്വന്തമാക്കിയ സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസും, ബ്രസീലിന്റെ മാർക്വീഞ്ഞോസുമാകും സെന്റർ ബാക്ക് സ്ഥാനങ്ങളിൽ കളിക്കുക.

പിഎസ്‌ജിയുടെ സെൻട്രൽ മിഡ്ഫീൽഡ് സ്ഥാനങ്ങളും ഇക്കുറി പ്രതിഭാസമ്പന്നമാണ്. ബാഴ്സലോണയെ ഞെട്ടിച്ച് ഇക്കുറി പി എസ് ജി സ്വന്തമാക്കിയ ഡച്ച് സൂപ്പർ താരം ജോർജിനോ വൈനാൽഡവും, ഇറ്റലിയുടെ മാർക്കോ വെറാറ്റിയാവും ഈ സ്ഥാനങ്ങളിൽ അണിനിരക്കുക. ആക്രമണ നിര തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തെന്നതിൽ ആർക്കും ഒരു സംശയവുമുണ്ടാകില്ല. കാരണം ഒറ്റക്ക് ഒരു ‌ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള നാല് വമ്പന്മാരാണ് വരും സീസണിൽ പി എസ് ജിയുടെ മുന്നേറ്റത്തിലുണ്ടാവുക. ബ്രസീലിന്റെ നെയ്മർ ജൂനിയർ, അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ, ലയണൽ മെസി, ഫ്രാൻസിന്റെ കെയ്ലിൻ എംബാപ്പെ എന്നിവരാണ് ഈ നാല് പേർ. കടലാസിൽ പി എസ് ജിയുടെ കരുത്ത് ഇക്കുറി ഞെട്ടിക്കുന്നത് തന്നെയാണ്.‌കളത്തിലും അങ്ങനെയായാൽ ഈ ടീമിന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കാനാവും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit