Football in Malayalam

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജിയുടെ സാധ്യത ഇലവൻ അറിയാം

Sreejith N
FBL-FRA-LIGUE1-METZ-PSG
FBL-FRA-LIGUE1-METZ-PSG / SEBASTIEN BOZON/Getty Images
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏവരും കാത്തിരിക്കുന്ന പോരാട്ടമാണ് ഗ്രൂപ്പ് എയിലുൾപ്പെട്ട കരുത്തരായ ടീമുകളായ പിഎസ്‌ജിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ളത്. ടീമിന്റെ കെട്ടുറപ്പു കൊണ്ടും വമ്പൻ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന മത്സരത്തിൽ മെസിയും താരത്തിന്റെ പ്രിയപ്പെട്ട പരിശീലകനായ പെപ് ഗ്വാർഡിയോളയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ താരങ്ങളെത്തി അടിമുടി മാറിയ പിഎസ്‌ജിക്ക് ഇതുവരെയും പൂർണമായ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അപ്പുറത്ത് കഴിഞ്ഞ മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയെ അവരുടെ മൈതാനത്ത് കീഴടക്കി ശക്തമായ മുന്നറിയിപ്പാണ് മാഞ്ചസ്റ്റർ സിറ്റി നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പാർക് ഡി പ്രിൻസസിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളെ മറികടക്കാൻ പിഎസ്‌ജിക്ക് പണിപ്പെടേണ്ടി വരും.

ഓരോ പൊസിഷനിലും ലോകോത്തര താരങ്ങൾ അണിനിരക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര അണിനിരക്കുന്ന പിഎസ്‌ജിയും തമ്മിലുള്ള മത്സരത്തിന്റെ ഓരോ നിമിഷത്തിലും ആവേശം തുളുമ്പുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാതിരിക്കെ പിഎസ്‌ജിയെ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ എങ്ങിനെയാണ് അണിനിരത്തുക എന്നറിയാം:

1. ഗോൾകീപ്പേഴ്‌സ് & ഡിഫെൻഡേഴ്‌സ്

keylor Navas, Achraf Hakimi, Marquinhos, Ander Herrera
Paris Saint Germain v Montpellier HSC - Ligue 1 Uber Eats / Xavier Laine/Getty Images

കെയ്‌ലർ നവാസ് (ഗോൾകീപ്പർ) - യൂറോ കപ്പിലെ താരമായി മാറി കിരീടമുയർത്തിയ ഡോണറുമ്മയുടെ വരവോടെ നവാസിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നു തോന്നിയെങ്കിലും തകർപ്പൻ പ്രകടനത്തോടെ ടീമിലെ സ്ഥാനം ഉറപ്പിക്കയാണ് കോസ്റ്റാറിക്കൻ താരം ചെയ്‌തത്‌.

അഷ്‌റഫ് ഹക്കിമി (റൈറ്റ് ബാക്ക്) - കുറച്ചു സീസണുകളായി വിവിധ ക്ലബുകളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന മൊറോക്കൻ താരം പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഫ്രഞ്ച് ക്ലബിന്റെ ഏറ്റവും പ്രധാന താരമായി മാറിയിട്ടുണ്ട്.

മാർക്വിന്യോസ് (സെന്റർ ബാക്ക്) - വർഷങ്ങളായി പിഎസ്‌ജി, ബ്രസീൽ എന്നീ ടീമുകളുടെ വിശ്വസ്‌തനായ പ്രതിരോധ ഭടനായ മാർക്വിനിയോസിന്റെ മികവ് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റങ്ങളെ തടയുന്നതിൽ നിര്ണായകമായിരിക്കും.

പ്രെസ്‌നൽ കിംപെംബെ (സെന്റർ ബാക്ക്) - ഏതു ടീമിനെയും വിറപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രണമനിരയെ തടുത്തു നിർത്താൻ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഫ്രഞ്ച് താരം നടത്തേണ്ടി വരും.

അബ്‌ദു ദിയല്ലോ (ലെഫ്റ്റ് ബാക്ക്) - ഇരുപത്തിയഞ്ചുകാരനായ താരം ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് എങ്കിലും റിയാദ് മഹ്റെസിനെ പോലെ വേഗതയും ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ കളിച്ച പരിചയസമ്പത്തുമുള്ള റിയാദ് മഹ്‌റിസിനെ തടുത്തു നിർത്തുക പ്രയാസം തന്നെയാകും.

2. മധ്യനിര താരങ്ങൾ

French Ligue 1"Paris Saint-Germain v Olympique Lyon"
French Ligue 1"Paris Saint-Germain v Olympique Lyon" / ANP Sport/Getty Images

ഇഡ്രിസ ഗുയെയ (സെൻട്രൽ മിഡ്‌ഫീൽഡർ) - മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്‌ജിക്ക് ഏറ്റവും നിർണായകമാവുക മധ്യനിരയിൽ നിന്നു തന്നെ എതിർടീമിന്റെ മുന്നേറ്റനിരയുടെ മുനയൊടിക്കാൻ കഴിയുന്ന ഗുയെയുടെ പ്രകടനമായിരിക്കും.

ലിയനാർഡോ പരഡെസ് (സെൻട്രൽ മിഡ്‌ഫീൽഡർ) - പ്രതിരോധിക്കാനും പന്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനും കഴിവുള്ള അർജന്റീന താരത്തിന് വേണ്ടി വന്നാൽ കടുത്ത അടവുകൾ പുറത്തെടുക്കാനും മടിയില്ല.

ആൻഡർ ഹെരേര (സെൻട്രൽ മിഡ്‌ഫീൽഡർ) - സമ്മറിൽ ടീമിലേക്ക് ചേക്കേറിയ ജിനി വൈനാൾഡാം ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാൽ കഠിനാധ്വാനിയായ ആൻഡർ ഹെരേരയാവും മൂന്നാമത്തെ മധ്യനിര താരം.

3. മുന്നേറ്റനിര

FBL-EUR-C1-BRUGGE-PSG
FBL-EUR-C1-BRUGGE-PSG / KENZO TRIBOUILLARD/Getty Images

ലയണൽ മെസി (റൈറ്റ് വിങ്) - കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം ഇറങ്ങിയില്ലെങ്കിലും നിലവിൽ ഫിറ്റ്നസ് വീണ്ടെടുത്ത, ഒറ്റക്ക് കളിയുടെ ഗതി മാറ്റാൻ കഴിവുള്ള തന്റെ ടീമിലെ ഏറ്റവും മികച്ച താരത്തെ ബെഞ്ചിലിരുത്താൻ പോച്ചട്ടിനോക്ക് ധൈര്യമുണ്ടാകില്ലെന്ന് ഉറപ്പാണ്.

കെയ്‌ലിൻ എംബാപ്പെ (സ്‌ട്രൈക്കർ) - ഈ സീസണിൽ ഫ്രഞ്ച് താരം തന്റെ ഏറ്റവും മികച്ച ഫോമിൽ അല്ലെങ്കിലും വേഗത കൊണ്ട് എംബാപ്പെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധനിരക്ക് തലവേദനയാകും എന്നുറപ്പാണ്.

നെയ്‌മർ (ലെഫ്റ്റ് വിങ്) - മെസിയും നെയ്‌മറും തമ്മിലുള്ള ഒത്തിണക്കം പൂർണമായും വന്ന് എംബാപ്പെ അവർക്കൊപ്പം ഇണങ്ങിച്ചേരുകയും ചെയ്‌താൽ മത്സരം വിജയിക്കുക പിഎസ്‌ജിക്ക് പ്രയാസമായിരിക്കില്ല.

facebooktwitterreddit