ലോകകപ്പിന് മുൻപ് നെയ്മറെ ക്ലബ് വിടാൻ അനുവദിക്കുന്നത് ശരിയോ അല്ലയോ? പിഎസ്ജി ഉടമകൾ അനിശ്ചിതത്വത്തിൽ


ലോകകപ്പിന് മുമ്പേ നെയ്മറിനെ ക്ലബ്ബ് വിടാൻ അനുവദിക്കുന്നത് ശരിയാണോ അല്ലയോ എന്ന തീർച്ചയില്ലാത്ത അവസ്ഥയിലാണ് നിലവിൽ പിഎസ്ജിയുടെ ഖത്തറി ഉടമകളുള്ളതെന്നു 90min മനസിലാക്കുന്നു.
കഴിഞ്ഞ വർഷം പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവെച്ച നെയ്മർ ബോണസുകളൊക്കെ കൂട്ടിയാൽ 43 മില്യൺ യൂറോയാണ് പ്രതിവർഷം സമ്പാദിക്കുന്നത്. സ്വമേധയാ കരാർ നീളുന്ന ഒരു ക്ലോസ് ജൂലൈ ഒന്നിന് നിലവിൽ വന്നതോടെ 2027 വരെയാണ് നെയ്മറുടെ പിഎസ്ജിയുമായുള്ള നിലവിലുള്ള കരാർ.
എന്നിരുന്നാലും, നെയ്മറിന്റെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി വ്യക്തമായി പ്രതികരിക്കാതിരുന്നത് താരത്തെ ക്ലബ് വിൽക്കുമെന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
നെയ്മറെ വിൽക്കുന്നത് പിഎസ്ജിയുടെ നേതൃത്വത്തിലുള്ളവർ പരിഗണിക്കാൻ തയ്യാറാണെന്നാണ് 90min മനസിലാക്കുന്നത്. പക്ഷെ, ഖത്തറിൽ വെച്ച് നടക്കുന്ന 2022 ഫിഫ ലോകകപ്പിനു മുൻപ് നെയ്മറിനെ ഒഴിവാക്കുന്നത് ശരിയായ തീരുമാനമാണോ എന്ന കാര്യത്തിൽ പിഎസ്ജിയുടെ ഖത്തറി ഉടമകൾക്ക് ഉറപ്പില്ലെന്നും 90minന്റെ സ്രോതസ്സുകൾ പറയുന്നു. സാഹചര്യം വ്യക്തമായി വിശകലനം ചെയ്തതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ ഉന്നതതലത്തിൽ നിന്നും ഒരു തീരുമാനമുണ്ടാകുകയുള്ളൂ.
അതേ സമയം, നെയ്മറിൽ താത്പര്യം ഉണ്ടോ എന്നറിയാൻ വേണ്ടി, താരം പിഎസ്ജി വിടാനുള്ള സാധ്യതയെ കുറിച്ച് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്, ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്, എസി മിലാൻ, ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് എന്നിവരെ ഇടനിലക്കാർ അറിയിച്ചിട്ടുണ്ട്.