പിഎസ്ജി ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ലാ ലിഗ ക്ലബ്ബിനെ സ്വന്തമാക്കാൻ രംഗത്ത്


ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്മെന്റ്സ് ലാ ലിഗ ക്ലബ്ബിനെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബായ ആർസിഡി എസ്പാന്യോളിനെ വാങ്ങാൻ താൽപര്യമുള്ളവരിൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്മെന്റ്സുമുണ്ടെന്ന് റേഡിയോ മാർക്കയാണ് റിപ്പോർട്ടു ചെയ്തത്.
ലാ ലിഗയിലേക്ക് കഴിഞ്ഞ സീസണിൽ തിരിച്ചെത്തിയ ആർസിഡി എസ്പാന്യോളിന്റെ നിലവിലെ ഉടമകൾ ചൈനീസ് കമ്പനിയായ റെസ്റ്റാർ ഗ്രൂപ്പാണ്. അവർക്ക് ക്ലബ്ബിനെ വിൽക്കാൻ താത്പര്യമുണ്ടെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ മേഖല വ്യാപിപ്പിക്കാൻ പിഎസ്ജി ഉടമകൾ ക്ലബ്ബിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എസ്പാന്യോൾ കഴിഞ്ഞ സീസണിൽ ലീഗിൽ പതിനാലാം സ്ഥാനത്തായിരുന്നു. ബാഴ്സലോണയുടെ നഗരവൈരികളായി അറിയപ്പെടുന്ന ക്ലബ് കൂടിയായ എസ്പാന്യോളിനെ പിഎസ്ജി ഉടമകൾ സ്വന്തമാക്കിയാൽ ലീഗിലെ തന്നെ പ്രബലരായ ശക്തിയായി ഭാവിയിൽ അവർ മാറുമെന്നതിൽ സംശയമില്ല.
എന്നാൽ എസ്പാന്യോളിനെ വാങ്ങാനുള്ള പിഎസ്ജി ഉടമകളുടെ നീക്കത്തെ തടയിടാൻ ലാ ലിഗ നേതൃത്വം ശ്രമിക്കാൻ സാധ്യതയുണ്ട്. ഇതിനു മുൻപ് പല തവണ പിഎസ്ജി നേതൃത്വത്തെ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. അതിനാൽ തന്നെ എസ്പാന്യോളിനെ സ്വന്തമാക്കാനുള്ള പിഎസ്ജി ഉടമകളുടെ ശ്രമത്തിനു മറ്റു പല മാനങ്ങളുമുണ്ടെന്നും കരുതാവുന്നതാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.