കിലിയൻ എംബാപ്പെയെ നിലനിറുത്താനാകുമെന്ന ശുഭാപ്തിവിശ്വാസത്തിൽ പിഎസ്ജി

ഈ സീസണോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെയെ ടീമിൽ നിലനിറുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പിഎസ്ജിയെന്ന് 90min മനസിലാക്കുന്നു.
റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും, താരത്തെ നിലനിറുത്താനുള്ള സജീവ ശ്രമങ്ങളിലാണ് പിഎസ്ജി.
പിഎസ്ജിയിൽ തുടരാനാണോ അതോ റയലിലേക്ക് ചേക്കേറാനാണോ തന്റെ തീരുമാനമെന്ന് എംബാപ്പെ ഈ വാരാന്ത്യത്തോടെ ഇരു ക്ലബുകളോടും വ്യക്തമാക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ 90minനോട് വ്യക്തമാക്കുന്നത്. എന്നാൽ ഏത് ക്ലബിനെയാണ് താരം തിരഞ്ഞെടുക്കുക എന്ന കാര്യം വ്യക്തമല്ല.
റയൽ മാഡ്രിഡുമായും പിഎസ്ജിയുമായും വ്യക്തിപരമായ നിബന്ധനകളുടെ കാര്യത്തിൽ എംബാപ്പെ ധാരണയിലെത്തിയതായും, ഇപ്പോൾ തന്റെ മുന്നിലുള്ള ഓപ്ഷനുകൾ വിശകലനം ചെയ്യാൻ സമയമെടുക്കുകയാണെന്നുമാണ് കരുതപ്പെടുന്നത്.
അതേ സമയം, താരം തങ്ങളെ തന്നെ തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ റയൽ മാഡ്രിഡ് ആത്മവിശ്വാസത്തിലാണ്. ഒരു വർഷത്തിലേറെയായി എംബാപ്പെയുടെ ക്യാമ്പുമായി സംസാരിക്കുന്ന റയൽ, ക്ലബ്ബിലേക്ക് ചേക്കേറുന്ന കാര്യത്തിൽ താരത്തെ ബോധ്യപ്പെടുത്തിയതായി വിശ്വസിക്കുന്നു.
എന്നാൽ, എംബാപ്പെയുമായുള്ള ചർച്ചകളിൽ താരത്തെ നിലനിറുത്താൻ ശക്തമായി ശ്രമിച്ച പിഎസ്ജി, ഇക്കാര്യത്തിൽ വഴിത്തിരിവ് ഉണ്ടായതായും, താരത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ്.
എംബാപ്പെയുടെ ഭാവി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണെങ്കിലും, ഈ വാരാന്ത്യത്തോടെ അക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.